മലപ്പുറത്ത് ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയുടെ ദൃശ്യങ്ങൾ നിരീക്ഷണ ക്യാമറയിൽ

മലപ്പുറം കാളികാവിൽ ടാപ്പിങ് തൊഴിലാളിയെ കൊലപ്പെടുത്തിയ കടുവയുടെ ദൃശ്യങ്ങൾ വനം വകുപ്പിൻ്റെ നിരീക്ഷണ ക്യാമറയിൽ. അമ്പതു ക്യാമറകളാണ് മേഖലയിൽ വനം വകുപ്പ് സ്ഥാപിച്ചിരുന്നത്. ദൃശ്യങ്ങൾ ലഭിച്ച ഭാഗത്ത് കുങ്കിയാനകളെ ഉപയോഗിച്ച് പരിശോധന നടത്തും. സൈലൻറ് വാലി ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട കടുവയാണിതെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു.

ടാപ്പിങ് തൊഴിലാളിയായ അബ്ദുൾ ഗഫൂറിനെ ആക്രമിച്ച അടയ്ക്കാകുണ്ട് റാവുത്തൻമലയിൽ അമ്പതു നിരീക്ഷണ ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. കൂട് സ്ഥാപിച്ചതിൻ്റെ കിഴക്കുഭാഗത്തായുള്ള ക്യാമറയിലാണ് ദൃശ്യങ്ങൾ. ഇരുപത് പേരടങ്ങുന്ന മൂന്ന് ടീമുകളായാണ് തിരച്ചിൽ. കടുവയെ മയക്കുവെടി വെയ്ക്കാനുള്ള തയ്യാറെടുപ്പുകളും പൂർത്തിയായി.

രണ്ട് കുങ്കിയാനകളെയും ദൗത്യത്തിനായി കൊണ്ടുവന്നിട്ടുണ്ട്. തെർമൽ ഡ്രോൺ നിരീക്ഷണവും നടത്തുന്നുണ്ട്. സിസിഎഫ് ഉമാ ത്യാഗസുന്ദരം, നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ധനിക് ലാൽ, സീനിയർ വെറ്റിനറി ഓഫീസർ ഡോ. അരുൺ സക്കറിയ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നത്. ഇതിനിടെ ഡിഎഫ്ഒ ധനിക് ലാലിനെ തിരുവനന്തപുരം ഹെഡ് ക്വാർട്ടേഴ്സിലേക്ക് സ്ഥലം മാറ്റി. എ.സി.എഫ് കെ. രാകേഷിന് പകരം ചുമതല നൽകി.

