ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും

ശബരിമല: ഇടവ മാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് തുറക്കും. വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുൺകുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്ന് പതിനെട്ടാം പടിക്ക് താഴെ ആഴിയിൽ അഗ്നി പകരും.

ഇടവമാസം 1 ന് രാവിലെ അഞ്ച് മണിക്ക് നട തുറന്ന് പൂജകൾ ആരംഭിക്കും. ഭക്തർക്ക് സൗകര്യപ്രദവും സുരക്ഷിതവുമായ തീർഥാടനം ഒരുക്കുന്നതിന് തിരുവിതാംകൂർ ദേവസ്വം ബോർഡും സർക്കാരും എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ഇടവ മാസ പൂജകള്‍ പൂര്‍ത്തിയാക്കി മെയ് 19 ന് രാതി 10 മണിക്കാണ് നട അടയ്‌ക്കുക.

രാഷ്‌ട്രപതി ശബരിമലയിൽ എത്തില്ല; വെർച്വൽ ക്യൂ നിയന്ത്രണം ഒഴിവാക്കി

ഇടവമാസ പൂജകൾ കണ്ട് തൊഴാൻ രാഷ്‌ട്രപതി ദ്രൗപതി മുർമു ശബരിമലയിലേക്ക് നിശയചയിച്ചിരുന്ന യാത്ര റദ്ദാക്കി. അതിർത്തിയിലെ സംഘർഷവും അക്രമസാധ്യതകളും പരിഗണിച്ചായിരുന്നു ശബരിമലയിൽ യാത്ര റദ്ദാക്കിയതെന്നാണ് സൂചന. മെയ് 18, 19 തീയതികളിൽ രാഷ്‌ട്രപതി ശബരിമലയിൽ എത്തുമെന്നായിരുന്നു സൂചന. ഇത് പരിഗണിച്ച് ദേവസ്വം ബോർഡും സർക്കാരും വിവിധ ക്രമീകരണങ്ങൾ ആരംഭിച്ചിരുന്നു. നിലക്കൽ ഹെലിപ്പാടിന് സമീപവും റോഡുകളുടെ വികസനവും ആരംഭിച്ചിരുന്നു.

രാഷ്‌ട്രപതി എത്തില്ലെന്ന് ദേവസ്വം ബോർഡിനെ അറിയിച്ചെന്നാണ് വിവരം. ഇതോടനുബന്ധിച്ച് ഇടവ മാസ പൂജയ്ക്ക് വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ദേവസ്വം ബോർഡ് ഒഴിവാക്കി. മെയ് 18, 19 തീയതികളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളാണ് ഒഴിവാക്കിയത്. ഈ ദിവസങ്ങളിൽ വെർച്ചൽ ക്യൂ ബുക്ക് ചെയ്തു തീർഥാടകർക്ക് ദർശനം നടത്താവുന്നതാണെന്ന് ദേവസ്വം ബോർഡ് അറിയിച്ചിട്ടുണ്ട്.
