എസ്എഫ്ഐ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാലിയും പൊതുസമ്മേളനവും നാളെ

കോഴിക്കോട് : എസ്എഫ്ഐ 44-ാം കോഴിക്കോട് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ റാലിയും പൊതുസമ്മേളനവും 23ന് നടക്കും. മുതലക്കുളം മൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം അഡ്വ. പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്യും. പൊതുസമ്മേളനത്തില്‍ പ്രശസ്ത കര്‍ണാടക എഴുത്തുകാരന് ഡോ. കെ എസ് ഭഗവാന് പങ്കെടുക്കും.
വൈകിട്ട് മൂന്നിന് മലബാര്‍ ക്രിസ്ത്യന്‍കോളേജ് ഗ്രൗണ്ടില്‍ നിന്ന് റാലി ആരംഭിക്കും. മുതലക്കുളത്ത് ചെഗുവേര-ഫിദല്‍കാസ്ട്രോ നഗറിലാണ് പൊതുസമ്മേളനം. പ്രതിനിധി സമ്മേളനം 24, 25, 26 തിയ്യതികളില്‍ ജിഷ്ണു പ്രണോയ് നഗറില്‍ നടക്കും. 24ന് വൈകിട്ട് അഞ്ചിന് എം ബി രാജേഷ് എംപി ഉദ്ഘാടനംചെയ്യും. 25ന് വൈകിട്ട് അഞ്ചിന് മുന്‍കാല ഭാരവാഹികളുടെ സംഗമം സംഘടിപ്പിക്കും. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി 22ന് പതാകദിനമായി ആചരിക്കും. മുഴുവന്‍ യൂണിറ്റ് ഏരിയാ കേന്ദ്രത്തിലും പതാക ഉയര്‍ത്തും.

