KOYILANDY DIARY.COM

The Perfect News Portal

ഫൈൻ ആർട്സ് കോളേജുകളുടെ പാഠ്യപദ്ധതിയിലും അക്കാദമിക് പ്രവർത്തനങ്ങളിലും സമഗ്ര പരിഷ്കരണം നടപ്പാക്കും; മന്ത്രി ആർ ബിന്ദു

സംസ്ഥാനത്തെ ഫൈൻ ആർട്‌സ് കോളേജുകളിലെ പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും കാലോചിതമായി പരിഷ്‌കരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു തിരുവനന്തപുരത്ത് പത്ര സമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച കമ്മീഷന്റെ ശുപാർശകൾ നടപ്പിലാക്കും. 2025 ഫെബ്രുവരി ഒന്നിന് പ്രവർത്തനം ആരംഭിച്ച 11 അംഗങ്ങളുള്ള കമ്മീഷൻ 17 ഓൺലൈൻ മീറ്റിങ്ങുകൾ ചേർന്നു. സംസ്ഥാനത്തെ ആറ് ഫൈൻ ആർട്‌സ് കോളേജുകളിൽ നിന്നുള്ള തിരഞ്ഞെടുത്ത ഫാക്കൽറ്റി അംഗങ്ങൾ കൂടി പങ്കെടുത്ത ശില്പശാലയിൽ ഉയർന്ന നിർദ്ദേശങ്ങളും പരിഗണിച്ചു.

 

ജനാധിപത്യപരമായും സന്തുലിതമായും പാഠ്യപദ്ധതിയും അക്കാദമിക് പ്രവർത്തനങ്ങളും വിലയിരുത്തിയാണ് കാലാനുസൃതമായ മാറ്റങ്ങൾക്ക് വേണ്ട ശുപാർശകൾ തയ്യാറാക്കിയത്. ഡോ. ശിവജി പണിക്കരുടെ നേതൃത്വത്തിൽ നിയോഗിച്ച വിദഗ്ദ്ധ കമ്മീഷനാണ് റിപ്പോർട്ട് സർക്കാരിന് കൈമാറുന്നത്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ ഇങ്ങനെയൊരു കമ്മീഷന് രൂപം നൽകാനും, യുദ്ധകാലാടിസ്ഥാനത്തിൽ അവർ തയ്യാറാക്കി നൽകിയ റിപ്പോർട്ട് സ്വീകരിക്കാനും കഴിയുന്നതിൽ ചാരിതാർത്ഥ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

 

പുതിയ പഠനരീതികൾ കൊണ്ടുവരികയും പഴയവ അടിമുടി മാറ്റുകയും ചെയ്യണമെന്നതാണ് പ്രധാന നിർദ്ദേശങ്ങളിലൊന്ന്. പ്രവേശനരീതിയിലും മൂല്യനിർണ്ണയത്തിലും ഭരണ സംവിധാനത്തിലും സമഗ്ര മാറ്റങ്ങളും, സെമസ്റ്റർ സംവിധാനം കൊണ്ടുവരലും കമ്മീഷൻ ശുപാർശ ചെയ്യുന്നു. നിലവിലെ സ്ഥാപനസ്വഭാവവും ഫാക്കൽറ്റി രൂപവും ഇതുവഴി നവീകരിക്കപ്പെടണമെന്ന് കമ്മീഷൻ നിർദ്ദേശിക്കുന്നു.

Advertisements

 

 

വിശ്രുതനായ വിശ്വകലാകാരൻ കെ സി എസ് പണിക്കരുടെ നാമധേയത്തിൽ പുതിയൊരു ആർട് കോളേജ് കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഫൈൻ ആർട്‌സ് കോളേജുകളെ മാറിയ സങ്കല്പനങ്ങളുടെ അടിസ്ഥാനത്തിൽ വിഷ്വൽ ആർട്ട് കോളേജുകളായി വിഭാവനം ചെയ്യണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെച്ചിട്ടുണ്ട്. ബി എഫ് എ, എം എഫ് എ കോഴ്സുകൾക്ക് ഇതനുസരിച്ച് പുനർനാമകരണവും നിർദ്ദേശിച്ചിട്ടുണ്ട്.

 

നിലവിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഫൈൻ ആർട്‌സ് കോളേജുകളെ യു ജി സി മാർഗനിർദ്ദേശങ്ങൾക്ക് വിധേയമായി ഭരണപരമായി പുനസ്സംഘടിപ്പിക്കണമെന്നത് മറ്റൊരു ശുപാർശയാണ്. ഒരൊറ്റ അക്കാദമിക് – ഭരണ സംവിധാനത്തിന് കീഴിലാക്കണമെന്നാണ് ഈ നിർദ്ദേശം.

 

 

ബിരുദ-ബിരുദാന്തര കോഴ്സുകൾ പ്രധാനമായും നൈപുണിയിലും സാങ്കേതികതയിലും ഊന്നൽ നല്കിയവ ആയതിനാൽ സെമസ്റ്റർ-ക്രെഡിറ്റ് ഘടനയിലേക്ക് മാറണമെന്നും ഉള്ളടക്കം സമഗ്രമായി മാറണമെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. സങ്കൽപനവും സാങ്കേതികതയും സമന്വയിക്കപ്പെടണമെന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ നിർദ്ദേശം വെച്ചിട്ടുള്ളത്.

 

ഇന്റർ മീഡിയ പ്രാക്ടീസസ്, ക്യുറട്ടോറിയൽ പ്രാക്ടീസസ്, ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ്, ഇന്റർ ഡിസിപ്ലിനറി മീഡിയ ആൻഡ് ഡിസൈൻ പ്രാക്ടീസസ് തുടങ്ങിയ നവകാല പ്രാധാന്യമുള്ള ബിരുദാന്തര ബിരുദ കോഴ്സുകളും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോളേജുകളിൽ ഗ്രാഫിക്‌സ്/പ്രിന്റ് മേക്കിങ് വകുപ്പുകളും, കലാചരിത്ര പഠനത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാ ഫൈൻ ആർട്‌സ് കോളേജുകളിലും ആർട്ട് ഹിസ്റ്ററി വിഭാഗവും സ്ഥാപിക്കൽ മറ്റൊരു ശുപാർശയാണ്. കോമൺ സ്റ്റുഡിയോസ്, എക്‌സിബിഷൻ ഗ്യാലറി തുടങ്ങിയ പശ്ചാത്തലസൗകര്യ വികസനവും കോളേജുകളിൽ ശുപാർശ ചെയ്യുന്നു.

 

കമ്മീഷന്റെ റിപ്പോർട്ട് സർക്കാർ വിശദമായി പഠിക്കുകയും തുടർചർച്ചകൾക്ക് വിധേയമാകുകയും ചെയ്യും. ഉരുത്തിരിഞ്ഞു വരുന്ന പൊതു അഭിപ്രായങ്ങൾകൂടി സമാഹരിക്കുകയും സംഗ്രഹിക്കുകയും ചെയ്തുകൊണ്ട്, ഭാവി പ്രവർത്തനം ആസൂത്രണം ചെയ്യും. മറ്റു കമ്മീഷനുകളുടെ ശുപാർശകൾ എത്രയും പെട്ടെന്ന് പ്രവൃത്തി പഥത്തിൽ എത്തിക്കുകയും അവയുടെ ഗുണഫലം വിദ്യാർഥിസമൂഹത്തിനും പൊതുസമൂഹത്തിനും ഒരേ പോലെ ലഭ്യമാക്കുകയും ചെയ്ത മാതൃകയിൽ, ഈ റിപ്പോർട്ടിലും അടിയന്തിര നടപടികൾ ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

 

നവകേരള സൃഷ്ടിയുടെ അവിഭാജ്യഭാഗമായ നിർമ്മാണപ്രവർത്തനങ്ങൾ അടക്കമുള്ള പ്രവർത്തനങ്ങളിൽ കലാപ്രവർത്തനങ്ങൾ കൂടി സമന്വയിക്കപ്പെടണമെന്നാണ് ഈ സർക്കാരിന്റെ കാഴ്ചപ്പാട്. ഉന്നതവിദ്യാഭ്യാസ ഹബ്ബായി മാറുന്നതിനൊപ്പം, കേരളത്തിന്റെ സമഗ്ര വികസനത്തിന് സംഭാവനയർപ്പിക്കുന്ന ട്രാൻസ്ലേഷനൽ പ്രവർത്തനങ്ങളിൽ നേതൃപങ്കുള്ളവയായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ മാറ്റുകയും ചെയ്തുകൊണ്ടാണ് ഇതിനായുള്ള പരിഷ്‌കരണപ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്. കലാപഠനത്തിന് ഈ നവജനാധിപത്യമുന്നേറ്റത്തിലും, കേരള സമ്പദ്ഘടനയുടെ ശാക്തീകരണത്തിലും, സ്വന്തം സാംസ്‌കാരികസ്രോതസ്സുകളെ ഉപയുക്തമാക്കി എന്തെല്ലാം സംഭാവനകൾ നൽകാൻ കഴിയുമെന്ന് വെളിപ്പെടുത്തുന്ന സമഗ്രമായ റിപ്പോർട്ടാണ് നമുക്ക് ലഭിച്ചിരിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Share news