റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ

മുംബൈ: റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലേക്ക് കാർ ഓടിച്ചുകയറ്റിയ മുൻ ക്രിക്കറ്റ് താരം അറസ്റ്റിൽ. ഇന്ത്യയുടെ അണ്ടർ-19 മുൻ താരമായ ഹർപ്രീത് സിംഗ് ആണ് പിടിയിലായത്. എന്നാൽ വാഹനം തട്ടി ആർക്കും പരിക്കില്ല. മദ്യലഹരിയിലാണ് ഇയാൾ വാഹനം ഓടിച്ചിരുന്നതെന്നാണ് വൈദ്യപരിശോധന റിപ്പോർട്ട്. അന്ധേരി റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെ 7.15 ഓടെയാണ് സംഭവം. റെയിൽവേ സ്റ്റേഷന്‍റെ ഒന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് അമിത വേഗത്തിൽ താരം ഹ്യൂണ്ടായി സെഡാൻ വിഭാഗത്തിൽപ്പെട്ട കാർ ഓടിച്ചുകയറ്റുകയായിരുന്നു. റെയിൽവേ സുരക്ഷ സേന കസ്റ്റഡിയിൽ എടുത്ത ഇയാളെ ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞവർഷം നവംബർ 25നും അന്ധേരിയിൽ സമാനമായ സംഭവം നടന്നിരുന്നു. രാജേഷ് യാദവ് എന്ന യുവാവ് റെയിൽവേ സ്റ്റേഷന്‍റെ ആറാം പ്ലാറ്റ്ഫോമിലേക്ക് ഇന്നോവ കാർ ഓടിച്ചുകയറ്റുകയായിരുന്നു.
