KOYILANDY DIARY.COM

The Perfect News Portal

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ പ്രതി പിടിയിൽ

കോഴിക്കോട്: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, കോഴിക്കോട് ജില്ലാ ഓഫീസിന്റെ പൊലൂഷൻ സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ച പ്രതി പിടിയിൽ. എറണാംകുളം വൈറ്റില സ്വദേശി തോപ്പിൽ വീട്ടിൽ സന്ദീപ് മോഹൻ (39) നെയാണ് കസബ പോലീസ് പിടികൂടിയത്. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കോഴിക്കോട് ജില്ലാ ഓഫീസിന്റെ പൊലുഷൻ സർട്ടിഫിക്കറ്റ് പ്രതി വ്യാജമായി നിർമ്മിക്കുകയും, ഈ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് കോഴിക്കോട് പാളയത്തുള്ള പുത്തലത്ത് കോംപ്ലക്സിൽ സ്ഥിതിചെയ്യുന്ന പ്രിസൈസ് അസ്സേ ആൻറ് ഹോൾ മാർക്കിംഗ് സെൻറർ എന്ന സ്ഥാപനത്തിന്റെ പ്രവർത്തനാനുമതി വ്യാജമായി തയ്യാറാക്കുകയായിരുന്നു.
ഈ കാര്യത്തിന് കേരള സ്റ്റേറ്റ് പൊലൂഷൻ കൺട്രോൾ ബോർഡ്, കോഴിക്കോട് ഡിസ്ട്രിക്ട് ഓഫീസ് എൻവോയൺമെൻറൽ എഞ്ചിനിയറുടെ പരാതി പ്രകാരം കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയതിൽ നൗഷാദ് എന്നയാളാണ് ഈ സ്ഥാപനത്തിൻെറ മാനേജരെന്ന് മനസിലാക്കുകയും, ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഹോൾ മാർക്കിംഗ് സെന്റർ തുടങ്ങുന്നതിന് ബി.ഐ.എസ്സ് ലൈസൻസിന് അപേക്ഷിക്കുന്നതിന് പൊലൂഷൻ കൺട്രോൾ ബോർഡിൽ നിന്ന് എൻ.ഒ.സി ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റ് വഴി കണ്ടെത്തിയ കൊച്ചിയിലുള്ള Ideal Technologies എന്ന സ്ഥാപനത്തിന്റെ പാട്ണറായ സന്ദീപ് മോഹനനുമായി ബന്ധപ്പെടുകയും, പൊലൂഷൻ കൺട്രോൾ ബോർഡിൽ നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പ്രതി ആവശ്യപെട്ടപ്രകാരം പൊലൂഷൻ കൺട്രോൾ ബോർഡിൻെറ ഫീസിനത്തിലേക്കായി 82,500 രൂപയും, സർവീസ് ചാർജ് ഇനത്തിലേക്കായി 25,000 ബാങ്ക് അക്കൗണ്ട് വഴി അയച്ച് നൽകുകയായിരുന്നു.
എന്നാൽ ഫീസിനത്തിൽ ഓൺലൈൻ പേമെൻറായി പ്രതി 825 രൂപ മാത്രമടച്ച് കമ്പനിക്ക് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ച് നൽകുകയായിരുന്നു. കസബ പോലീസ് കൊച്ചിയിലുള്ള Ideal Technologies സ്ഥാപനത്തെ കുറിച്ച് അന്വേഷണം നടത്തിയതിൽ ഈ സ്ഥാപനം ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് മനസ്സിലാക്കുകയും, പ്രതിയുടെ ലഭ്യമായ ഫോൺ നമ്പറിൽ ബന്ധപെട്ടതിൽ ഫോൺ പ്രവർത്തന രഹിതമായതിനാലും എറണാകുളം പോലീസിൻെറ സഹായത്തോടുകൂടി നടത്തിയ അന്വേഷണത്തിൽ പ്രതി മറ്റൊരു പേരിൽ കൊച്ചിയിലെ തമ്മനത്ത് ഒരു സ്ഥാപനം നടത്തിവരുന്നുണ്ടെന്ന് മനസ്സിലാക്കുകയും പ്രതിയെ കണ്ടെത്തുകയുമായിരുന്നു.  പ്രതി സമാന കുറ്റകൃത്യത്തിൽ ഉൾപെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതുണ്ട് പോലീസ് പറഞ്ഞു. കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ കിരൺ സി നായർ, ASI രാജേഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റെ് ചെയ്തു.
Share news