കൊല്ലത്ത് വൻ ലഹരിവേട്ട; 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലം: കൊല്ലം നഗരത്തിൽ വൻ ലഹരിവേട്ട. 109 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. വെസ്റ്റ് പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. ഏകദേശം 50 ലക്ഷം രൂപയുടെ ലഹരി വസ്തുക്കളാണ് പിടിയിലായതെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് പുലർച്ചെ 3 മണിയോടെയാണ് ലഹരി വസ്തുക്കൾ വാഹനത്തിൽ കടത്തുന്നതായി പൊലീസിന് വിവരം ലഭിച്ചത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ രാത്രികാല പെട്രോളിംഗ് ശക്തമാക്കിയിരുന്നു. പൊലീസിന്റെ വാഹന പരിശോധനയ്ക്കിടെ ലഹരി വസ്തുക്കളുമായെത്തിയ വാഹനം നിർത്താതെ കടന്നുപോയി. വാഹനം അമിത വേഗതയിലായിരുന്നു. പൊലീസ് വാഹനം പിന്തുടർന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്.

പൊലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞ വാഹനം ആനന്ദവല്ലീശ്വരം ഭാഗത്ത് ഒരു ഡിവൈഡറിൽ ഇടിച്ച് നിൽക്കുകയായിരുന്നു. ഒരാളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്നും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെക്കുറിച്ച് വിവരം ലഭിച്ചിട്ടുള്ളതായും ഉടൻ പിടികൂടാൻ കഴിയുമെന്നും പൊലീസ് അറിയിച്ചു.

