KOYILANDY DIARY.COM

The Perfect News Portal

ജാതി വിവേചന വിവാദം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍

ജാതി വിവേചന വിവാദത്തില്‍ ബി എ ബാലു രാജിവെച്ച ഒഴിവില്‍ പുതിയ നിയമനം. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ കെ എസ് അനുരാഗ് ഈഴവ സമുദായംഗം. ചേര്‍ത്തല സ്വദേശിയായ അനുരാഗിന് അഡൈ്വസ് മെമ്മോ അയച്ച് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്.

നിയമനവുമായി മുന്നോട്ട് പോകുമെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ കെ ബി മോഹൻദാസ് വ്യക്തമാക്കി. അന്നത്തെ സാഹചര്യമല്ല ഇപ്പോഴത്തേത്. ബാലുവിന്റെ കാര്യത്തിൽ ഭരണസമിതിയെ പോലും അറിയിക്കാതെയാണ് അഡ്മിനിസ്ട്രേറ്റർ സ്വന്തം ഇഷ്ടപ്രകാരം കഴകക്കാരനെ താത്കാലികമായി മറ്റ് ചുമതലകളിലേക്ക് നിയമിച്ചത്. സർക്കാർ ഇക്കാര്യത്തിൽ വിശദീകരണവും ചോദിച്ചിരുന്നുവെന്നും കെ ബി മോഹൻദാസ് കൂട്ടിച്ചേർത്തു.

 

അതേസമയം, നിയമനത്തെ എതിർത്ത് വാര്യർ സമാജം രംഗത്തെത്തി. ഇരിങ്ങാലക്കുട തെക്കേ വാര്യത്ത് കുടുംബത്തിനാണ് കൂടൽ മാണിക്യം ക്ഷേത്രത്തിൽ കഴക അവകാശം. ഈ സമുദായത്തിൽപെട്ടവർ കഴകപ്രവർത്തി ചെയ്യാനായി എത്ര കാലം ഉണ്ടോ അത് നിലനിർത്തികൊണ്ടുപോകുന്നതിനുള്ള എല്ലാ നിയമസഹായങ്ങളും ചെയ്തുകൊടുത്തുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം. നിലവിൽ ഉണ്ടായിരുന്ന കാരായ്മ കഴകം പുനഃസ്ഥാപിക്കണം. ബി എ ബാലുവിന്റെ നിയമനം ജാതി പ്രശ്നമാക്കി മാറ്റാൻ ശ്രമം നടന്നുവെന്നും കാരായ്‌മ കഴക പ്രവൃത്തി ചെയ്യുന്ന സമുദായക്കാരെ സംരക്ഷിക്കുകയാണ് ലക്ഷ്യമെന്നും വാര്യർ സമാജം ഭാരവാഹി കൂട്ടിച്ചേർത്തു.

Advertisements

 

എന്നാൽ ജോലി ലഭിച്ചത് ദൈവാനുഗ്രഹമാണെന്നും ഒരു തരത്തിലുള്ള ആശങ്ക ഇല്ലെന്നും മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അഡ്വൈസ് മെമ്മോ ലഭിച്ച ചേർത്തല സ്വദേശി കെ.എസ്. അനുരാഗ് പറഞ്ഞു. ക്ഷേത്ര ജോലി ചെയ്യുന്നവർ കുടുംബത്തിലുണ്ട്. നന്നായി ജോലി ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷ. നിലവിൽ നെഗറ്റീവ് ആയി ഒന്നും ചിന്തിക്കുന്നില്ലെന്നും അനുരാഗ് വ്യക്തമാക്കി.

Share news