ഹൈബ്രിഡ് കഞ്ചാവ് പിടിച്ച സംഭവം; ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ എക്‌സൈസ്

ആലപ്പുഴ: ആലപ്പുഴയിൽ രണ്ട് കോടി വില വരുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാൻ എക്‌സൈസ് അന്വേഷക സംഘം. ഇതിനായി കേസിൽ പ്രതികളായ തമിഴ്നാട് തിരുവെല്ലൂർ കത്തിവാക്കം ഉലകനാഥപുരം എണ്ണൂർ ഫോർത്ത് സ്ട്രീറ്റിൽ താമസിക്കുന്ന കണ്ണൂർ സ്വദേശി തസ്‌ലിമ സുൽത്താന (ക്രിസ്റ്റീന -41), സഹായി ആലപ്പുഴ മണ്ണഞ്ചേരി മല്ലംവെളി കെ ഫിറോസ് (26) എന്നിവരുടെ ഫോണുകൾ ശാസ്‌ത്രീയ പരിശോധനയ്‌ക്ക് അയക്കും. തൊണ്ടിമുതലായി കോടതിയിൽ സമർപ്പിച്ച ഫോണുകൾ പരിശോധനയ്‌ക്ക് ലഭ്യമാക്കാൻ ഉടൻ അപേക്ഷ നൽകും.

ചലച്ചിത്രമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തസ്‌ലിമ കൊച്ചി കേന്ദ്രീകരിച്ചുള്ള സിനിമാ താരങ്ങൾക്കും ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയും അടക്കമുള്ള ലഹരിവസ്‌തുക്കളും എത്തിച്ചുനൽകിയതായി മൊഴി നൽകിയിരുന്നു. തസ്‌ലിമയ്‌ക്ക് ഹൈബ്രിഡ് കഞ്ചാവ് നൽകിയവരെക്കുറിച്ചും മൊഴിയിൽ നിന്ന് എക്‌സൈസിന് സൂചന ലഭിച്ചു. ഫോൺ കോൾ വിവരങ്ങൾ, ലഹരി ഇടപാടുകൾക്കായി ഉപയോഗിച്ചിരുന്ന വാട്ട്‌സാപ്പ്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ, ഇവരുടെ യുപിഐ – ബാങ്ക് ഇടപാട് വിവരങ്ങൾ എന്നിവയാണ് പരിശോധിക്കുക. സമൂഹമാധ്യമങ്ങളിലെ ഭൂരിഭാഗം സംഭാഷണങ്ങളും നശിപ്പിച്ച നിലയിലാണ്. അടുത്ത ആഴ്‌ച ഇവരെ കസ്റ്റഡിയിൽ വാങ്ങാൻ എക്‌സൈസ് അപേക്ഷ നൽകും.

തസ്‌ലിമയ്‌ക്ക് ഹൈബ്രിഡ് കഞ്ചാവും മറ്റ് ലഹരി വസ്‌തുക്കളും നൽകിയവരെക്കുറിച്ചും ഇവരുടെ കൂട്ടാളികളെക്കുറിച്ചുമുള്ള നിർണായക വിവരങ്ങൾ എക്‌സൈസിന് ലഭിച്ചതായാണ് സൂചന. പിടിയിലാകുമ്പോൾ ഇവർ സഞ്ചരിച്ച വാടകക്കാറുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് നിർണായക വിവരങ്ങൾ ലഭിച്ചത്. കാർ വാടകയ്‌ക്ക് എടുത്തുനൽകിയ ആൾ പ്രധാന സഹായിയാണെന്നാണ് സൂചന.

ജിപിഎസ് ഘടിപ്പിച്ച വാഹനമായതിനാൽ, എറണാകുളത്തുനിന്ന് കാർ വാടകയ്‌ക്ക് എടുത്തശേഷം ഇവർ പോയിട്ടുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എക്‌സ്‌സൈസ് ശേഖരിച്ചു. തസ്‌ലിമയുടെ മൊഴിയിൽനിന്ന് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് കൈമാറിയത് ദുബായിയും ബംഗളൂരുവും കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളികളുടെ സംഘമാണെന്നാണ് വിവരം. ഇതിലൊരാൾ കോഴിക്കോട് സ്വദേശിയാണെന്നും മൊഴിയിലുണ്ട്.

