KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴയിൽ വൻ ലഹരി വേട്ട; 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ

ആലപ്പുഴയിൽ വൻ ലഹരിവേട്ട. 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായെത്തിയ ചെന്നൈ സ്വദേശിനിയെ എക്സൈസ് പിടികൂടി. കഞ്ചാവുമായി എത്തിയത് ക്രിസ്റ്റീന എന്ന തസ്ലിമ സുൽത്താനയാണ്. ഇവർക്കൊപ്പം മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാത്രി 12 മണിയോടുകൂടിയാണ് നർക്കോട്ടിക്സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ആലപ്പുഴ മാരാരിക്കുളത്തെ ‘ഗാർഡൻ’ എന്ന റിസോർട്ടിൽ നിന്ന് ഇവരെ പിടികൂടുന്നത്.

യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഫിറോസുമായി ചേർന്ന് വില്പന നടത്താനായാണ് ഇവർ ലഹരി വസ്തുക്കളുമായി ആലപ്പുഴയിൽ എത്തിയത്. എറണാകുളത്ത് നിന്നും ആലപ്പുഴയിലെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് വില്പന നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം. തായ്‌ലൻഡിൽ നിന്നാണ് ഇവർക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന. വൻ ലഹരി വേട്ടയുടെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ക്രിസ്റ്റീന സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പെൺകുട്ടികളെ ലഹരി നൽകി മയക്കിയശേഷം പീഡിപ്പിച്ച കേസുകളിലടക്കം പ്രതിപട്ടികയിൽ ഉള്ളവരാണ് ഇവർ.

 

അതേസമയം, ഈ അടുത്തകാലത്ത് ആദ്യമായിട്ടാണ് എയർപോർട്ടിന് പുറത്ത് ലാർജ് ക്വാണ്ടിറ്റിയിൽ ലഹരി വസ്തുക്കൾ പിടികൂടുന്നത്. പ്രതികൾ ഹൈബ്രിഡ് കഞ്ചാവുകൾ എറണാകുളത്തും വില്പന നടത്തിയതിന് ശേഷമാണ് ആലപ്പുഴയിൽ എത്തിയത്. സാധരണ കഞ്ചാവിനേക്കാൾ 20 മടങ്ങ് ലഹരിയാണ് ഹൈബ്രിഡ് എന്ന മാരക ലഹരി വസ്തുവിലുള്ളത്. എംഡിഎംഎയെക്കാൾ അപകടകാരിയാണിത്. ഹൈഡ്രോഫോണിക് കൃഷി രീതിയിലാണ് ഇവ തായ്‌ലാൻഡിൽ വികസിപ്പിച്ചെടുക്കുന്നത്.

Advertisements

 

Share news