വായനാ ചാലഞ്ചുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ

ചിങ്ങപുരം: ‘വേനലവധിക്കാലം വായനയ്ക്കൊപ്പം’ വായനാ ചാലഞ്ചുമായി വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ. സ്കൂൾ അടയ്ക്കുന്ന ദിവസം മുഴുവൻ കുട്ടികൾക്കും ലൈബ്രറി പുസ്തകങ്ങൾ കൈമാറി വായനാ ചാലഞ്ചിന് തുടക്കമായി. സ്കൂളിൽ നിന്ന് കൈമാറിയ പുസ്തകങ്ങൾ കുട്ടികൾ അവധിക്കാലത്ത് വായിച്ച് വായനാ കുറിപ്പുകൾ തയ്യാറാക്കും. തുടർന്ന് വീട്ടിനടുത്തുള്ള മറ്റു കുട്ടികളുമായി പുസ്തക കൈമാറ്റം നടത്തി വായന തുടരും.

ഇങ്ങനെ വായനാ ചാലഞ്ചിലൂടെ അവധിക്കാലത്ത് കുട്ടികൾക്ക് പരമാവധി പുസ്തകങ്ങൾ
വായിക്കാൻ അവസരം നൽകാനാണ് ലക്ഷ്യമിടുന്നത്. പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് സ്കൂൾ ലീഡർ മുഹമ്മദ് റയ്ഹാന് പുസ്തകം കൈമാറി വായനാ ചാലഞ്ചിന് തുടക്കം കുറിച്ചു. വിദ്യാരംഗം കൺവീനർ വി.ടി. ഐശ്വര്യ അധ്യക്ഷത വഹിച്ചു. എസ്.ആർ.ജി. കൺവീനർ പി.കെ. അബ്ദുറഹ്മാൻ, വിദ്യാരംഗം ലീഡർ അർവിൻഹാരി, സി. ഖൈറുന്നിസാബി, പി. നൂറുൽ ഫിദ, ടി.എം. അശ്വതി എന്നിവർ പ്രസംഗിച്ചു.
