യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

വടകര: യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് പണം ആവശ്യപ്പെട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര കല്ലാനോട് സ്വദേശി കാവാറ പറമ്പിൽ അതുൽ കൃഷ്ണനെ (24)യാണ് കോഴിക്കോട് റൂറൽ സൈബർ ക്രൈം ഇൻസ്പെക്ടർ സി ആർ രാജേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. യുവതിയുടെ മോർഫ് ചെയ്ത നഗ്ന ഫോട്ടോ വാട്സ് ആപ്പിലൂടെ പരാതിക്കാരിയുടെ അമ്മയ്ക്ക് അയച്ചുകൊടുത്ത് സോഷ്യൽ മീഡിയവഴി പ്രചരിപ്പിക്കാതിരിക്കാൻ രണ്ടുലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു.

യുവതിയുടെ അമ്മ പരാതിയുമായി സൈബർ ക്രൈം പൊലീസിനെ സമീപിച്ചതോടെയാണ് ഐഎംഇഐ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടയിൽ പ്രതിയെ പിടികൂടിയത്. വടകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്ഐ കെ അബ്ദുൾ ജലീൽ, സിസിപിഒ ലിനീഷ് കുമാർ, സിപിഒമാരായ വി പി ഷഫീഖ്, പി ലിംന എന്നിവരുമുണ്ടായിരുന്നു.

