കോംട്രസ്റ്റിലെ മരങ്ങൾക്കെല്ലാം ശാസ്ത്രനാമ ബോർഡുകൾ സ്ഥാപിച്ച് ഫറൂഖ് കോളജ് സസ്യശാസ്ത്ര വിഭാഗം

കോഴിക്കോട്: കോംട്രസ്റ്റ് ചാരിറ്റബിൾ ട്രസ്റ്റ് കണ്ണാശുപത്രി പരിസരത്തെ മരങ്ങൾക്കെല്ലാം ശാസ്ത്രനാമ ബോർഡുകൾ സ്ഥാപിച്ച് ഫറൂഖ് കോളജ് സസ്യശാസ്ത്ര വിഭാഗം. ആശുപത്രി പരിസരത്തെ 70ലധികം വൃക്ഷങ്ങളെ തിരിച്ചറിഞ്ഞാണ് പേരിട്ടത്. ശാസ്ത്രനാമം, സസ്യകുടുംബം, ഇംഗ്ലീഷ് – മലയാളം പേരുകൾ, ജന്മദേശം എന്നിവ കൂടാതെ വിശദാംശങ്ങൾക്കായി ജൈവ വൈവിധ്യ പോർട്ടലായ ഇന്ത്യാ ബയോഡൈവേഴ്സിറ്റി പോർട്ടലിലേക്ക് വാതിൽ തുറക്കുന്ന ക്യൂആർ കോഡും അടങ്ങിയതാണ് ബോർഡുകൾ.

ഫാറൂഖ് കോളജ് ബോട്ടണി വിഭാഗം മേധാവി ഡോ. കെ കിഷോർ കുമാറിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കിയത്. വനം വകുപ്പിന്റെ സഹകരണത്തോടെ ആശുപത്രി അങ്കണത്തിൽ നട്ട ഞാവൽ, ചാരക്കൊന്ന, മണിമരുത്, ഇലഞ്ഞി, ബദാം, വെള്ളാൽ, കുറുക്കവാലൻ പന, അരയാൽ, പേരാൽ, നെല്ലിക്ക, കാറ്റാടി, മാവ്, പ്ലാവ്, ആര്യവേപ്പ്, മഞ്ഞ അരളി, കണിക്കൊന്ന, കുമിഴ് എന്നീ വൃക്ഷങ്ങൾക്കാണ് പേരും ബോർഡുമായി പുതിയ പദവി ലഭിച്ചത്.

