ദേശീയപാത നിർമ്മാണ പ്രവൃത്തി ത്വരിതഗതിയിൽ പൂർത്തിയാക്കണം: സി പി ഐ

കൊയിലാണ്ടി ദേശീയ പാത നിർമ്മാണ പ്രവൃത്തി എത്രയും വേഗം പൂർത്തീകരിക്കണമെന്നും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ച് ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഓവുചാലുകൾ ശാസ്ത്രീയമായി നിർമിക്കണമെന്നും സി പി ഐ കൊയിലാണ്ടി ലോക്കൽ സമ്മേളനം ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു. കൊല്ലത്ത് പവിത്രൻ മേലൂർ, ടി പി അബ്ദുള്ള നഗറിൽ നടന്ന സമ്മേളനം സി പി ഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വി എം കൃഷ്ണൻ പതാകയുയർത്തി.

സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ.കെ അജിത്, ആർ സത്യൻ, മണ്ഡലം സെക്രട്ടറി അഡ്വ. സുനിൽ മോഹൻ, പി.കെ. വിശ്വനാഥൻ, കെ. ചിന്നൻ, കെ ശശിധരൻ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. പി വി രാജൻ, വിജയഭാരതി, കെ കെ സജീവൻ എന്നിവരടങ്ങുന്ന പ്രസീഡിയവും കെ എസ് രമേശ് ചന്ദ്ര, ബാബു പഞ്ഞാട്ട് എന്നിവരടങ്ങുന്ന സ്റ്റയറിംഗ് കമ്മിറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു.

രാഗം മുഹമ്മദലി രക്തസാക്ഷി പ്രമേയവും, സി ആർ മനേഷ് അനുശോചനം പ്രമേയവും അവതരിപ്പിച്ചു. ശശിധരൻ കോമത്ത് സ്വാഗതമാശംസിച്ചു. മുതിർന്ന സഖാക്കളായ ആർ നാണു, സി പി നാരായണൻ, വി എം കൃഷ്ണൻ എന്നിവരെ ആദരിച്ചു. സമ്മേളനത്തിന് ആരംഭം കുറിച്ച് കൊണ്ട് കൊല്ലം ടൗണിൽ പ്രകടനം നടത്തി. സിക്രട്ടറിയായി കെ.എസ്. രമേഷ് ചന്ദ്രയേയും അസി. സിക്രട്ടറിയായി പി.വി. രാജനേയും തെരഞ്ഞെടുത്തു.
