കോഴിക്കോട് സിറ്റിയിൽ കഞ്ചാവുമായി നിരവധി പേർ പിടിയിൽ

കോഴിക്കോട് സിറ്റിയിൽ കഞ്ചാവുമായി നിരവധി പേർ പിടിയിൽ. പന്നിയങ്കര, ചേവായൂർ, മാവൂർ, എലത്തൂർ എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ പിടിയിലായത്. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി 32 പേരെയും കസ്റ്റഡിയിലെടുത്തു.

പന്നിയങ്കര പോലീസ് സ്റ്റേഷൻ പരിധിയിലെ ചക്കും കടവ് മാർക്കറ്റിന് സമീപം വെച്ച് കല്ലായി വെസ്റ്റ് കണ്ണഞ്ചേരി സ്വദേശി കുറ്റിക്കാറ്റൂടി നിലം പറമ്പിൽ സൈനുദ്ദീൻ (42), ചേവായൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചെറുവറ്റ പാലപ്പറമ്പ് മദീനത്തുൽ കീനാം റോഡിൽ വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി ജെറാദുൽ ഹഖ് (35), മാവൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ മാവൂർ ടൗണിൽ നിന്നും കൂളിമാട് ഭാഗത്തേക്ക് പോകുന്ന റോഡിൽ ഉള്ള ആമിന ബിൽഡിംഗ് പരിസരത്ത് വെച്ച് വെസ്റ്റ് ബംഗാൾ സ്വദേശി ബിജയ് മണ്ടൽ (28), എലത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ വെങ്ങാലി ഡീസ് ലേരിക്ക് സമീപം വെച്ച് അരക്കിണർ വലിയക്കാടുപറമ്പിൽ അർഷിദ് (39) എന്നിവരെയാണ് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പോലീസ് കസ്റ്റഡിയിലെടുത്തത്.

മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
