കോഴിക്കോട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സിറ്റിയിൽ ഇന്നലെ പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളും. കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, ടൌൺ, നല്ലളം എന്നീ സ്റ്റേഷനുകളിലാണ് കഞ്ചാവ് സഹിതം 3 പേർ പോലീസിന്റെ പിടിയിലായത്. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി 19 പേരെയും കസ്റ്റഡിയിൽ എടുത്തു.

വെള്ളയിൽ സ്റ്റേഷൻ പരിധിയിൽ തൊടിയിൽ ക്ഷേത്രത്തിന് സമീപം ബീച്ചിൽ വെച്ച് ചെറുപ്പുളശ്ശേരി നെല്ലായ സ്വദേശി പാറക്കൊടിയിൽ നിയാമുദ്ധീൻ (31), ടൗൺസ്റ്റേഷൻ പരിധിയിൽ മേലെ പാളയത്തുള്ള യമുന ആർക്കേഡ് എന്ന ബിൽഡിങ്ങിന്റെ സമീപം വെച്ച് കണ്ണൂർ മുഴക്കുന്ന് പുത്തൻപുര വീട്ടിൽ സജീർ (36), നല്ലളം സ്റ്റേഷൻ പരിധിയിൽ ശാരദാ മന്ദിരം റോഡിൽ വെച്ച് കൊളത്തറ റഹ്മാൻ ബസാർ അയ്യപ്പൻകണ്ടി പറമ്പിൽ സൽമാനുൽ ഫാരിസ് (30) എന്നിവരെയാണ് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
