KOYILANDY DIARY.COM

The Perfect News Portal

എറണാകുളത്ത് സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

എറണാകുളം കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ. അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷമായി തുടരുന്ന പീഡനം കുട്ടികളുടെ മാതാവ് മറച്ചു വെച്ചതായും പൊലീസ് സംശയിക്കുന്നുണ്ട്. മൂന്ന് വർഷം മുൻപായിരുന്നു പെൺകുട്ടികളുടെ അച്ഛൻ മരണപ്പെടുന്നത്. പിന്നീട് ധനേഷുമായി കുട്ടികളുടെ അമ്മ ബന്ധം സ്ഥാപിക്കുകയായിരുന്നു. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്.

പെൺകുട്ടികളുടെ അമ്മയുമായുള്ള സൗഹൃദം മുതലെടുത്താണ് ധനേഷ് പത്തും പന്ത്രണ്ടും വയസ്സുള്ള കുട്ടികളെ പീഡനത്തിനിരയാക്കിയത്. കുട്ടികളോട് ഒപ്പം പഠിക്കുന്ന സഹപാഠികളെ കൂട്ടി വീട്ടിലേക്ക് വരാൻ ധനേഷ് നിരന്തരം ആവശ്യപ്പെട്ടിരുന്നു. സമ്മർദ്ദത്തിനൊടുവിൽ ഇക്കാര്യങ്ങൾ വിവരിച്ച് പെൺകുട്ടികൾ സുഹൃത്തുക്കൾക്ക് കത്ത് എഴുതിയത്തോടെയാണ് പീഡന വിവരം പുറത്ത് വന്നത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടി.

 

പെൺകുട്ടികൾക്ക് പരീക്ഷയായതിനാൽ വിശദമായ രഹസ്യ മൊഴി പിന്നീട് രേഖപ്പെടുത്തും. ഈ മൊഴി പരിഗണിച്ചാവും മാതാവിനെ പ്രതിചേർക്കുന്നതിൽ തീരുമാനമെടുക്കുക. പീഡന വിവരം മാതാവിന് അറിയാമായിരുന്നു എന്നാണ് പൊലീസ് വിലയിരുത്തൽ. ധനേഷ് കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും പെൺകുട്ടികളുടെ അമ്മയുമായുള്ള ബന്ധം ഒഴിവാക്കാനാണ് പീഡനം നടത്തിയതെന്നാണ് ധനേഷ് മൊഴി നൽകിയിരിക്കുന്നതെന്നും പെരുമ്പാവൂർ എഎസ്പി ശക്തി സിങ് ആര്യ വ്യക്തമാക്കി.

Advertisements
Share news