കോഴിക്കോട് സിറ്റിയിൽ നിരവധി പേർ കഞ്ചാവുമായി പിടിയിൽ

കോഴിക്കോട്: കോഴിക്കോട് സിറ്റിയിൽ നിരവധി പേർ കഞ്ചാവുമായി പിടിയിൽ. മാവൂർ, എലത്തൂർ, നടക്കാവ്, ഫറോക്ക് എന്നി സ്റ്റേഷനുകളിൽ വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ് സഹിതം 4 പേരാണ് പോലീസിന്റെ പിടിയിലായത്. കൂടാതെ കഞ്ചാവ് ഉപയോഗിച്ചതിന് സിറ്റിയിലെ വിവിധ സ്റ്റേഷനിലുകളിലായി 20 പേരെയും കസ്റ്റഡിയിൽ എടുത്തു. നടക്കാവ് സ്റ്റേഷൻ പരിധിയിലെ കാരപ്പറമ്പ് കക്കുഴിപ്പാലം നിറവേറ്റ വീട്ടിൽ ലെനിൻ രാജിന്റെ (34) വീട് പരിശോധിച്ചതിൽ വീട്ടിലെ കിടപ്പുമുറിയിൽ നിന്നും കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.

കൂടാതെ മാവൂർ സ്റ്റേഷൻ പരിധിയിലെ വളയന്നൂർ പൊക്കിണാത്ത് റോഡിൽ വാട്ടർ ടാങ്കിന് സമീപം വെച്ച് ചെറൂപ്പ സ്വദേശി പട്ടേരിക്കുന്നുമ്മൽ മഹേഷ് (35), എലത്തൂർ സ്റ്റേഷൻ പരിധിയിലെ കണ്ടംകുളങ്ങര ഹോമിയോ ആശുപത്രിയ്ക്കു സമീപം വെച്ച് പുതിയനിരത്ത് ചാലിക്കണ്ടി വീട്ടിൽ ജിതിൻ രാജ് (21), ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ചാലിയം വട്ടപ്പറമ്പ് മണ്ണൂർ റെയിലിന് സമീപം വെച്ച് കടലുണ്ടി പടന്നയിൽ സ്വദേശി തെക്കേപ്പുറത്ത് വീട്ടിൽ അഷ്റഫ് (39) എന്നിവരെയാണ് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവും, കഞ്ചാവ് വിറ്റ് കിട്ടിയ പണവുമായി പോലീസ് കസ്റ്റഡിയിൽ എടുത്തത്.

മയക്കുമരുന്ന് കച്ചവടക്കാർക്കെതിരെ കർശന നടപടിയെടുക്കുന്നതിന്റെ ഭാഗമായി നടന്നു വരുന്ന സ്പെഷൽ ഡ്രൈവിൽ കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ അരുൺ കെ പവിത്രൻ ഐ പി എസ് ന്റെ നിർദ്ദേശപ്രകാരം നടന്ന പ്രത്യേക പരിശോധനയിലാണ് ഇവർ പിടിയിലാവുന്നത്.
