വടകര ദേശീയപാതയിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെ ക്രെയിൻ തകർന്നുവീണു

വടകര ദേശീയപാത നിർമ്മാണ പ്രവൃത്തിക്കിടെ ക്രെയിന്‍ തകര്‍ന്നുവീണു. ആർക്കും പരിക്കില്ല. വടകര പാർക്ക് റോഡിന് സമീപം ഉയരപ്പാതയുടെ തൂണുകളിൽ ഗർഡർ സ്ഥാപിക്കുന്നതിനിടെയാണ് ക്രെയിൻ തകർന്നത്. ഗര്‍ഡറുകള്‍ ഉയര്‍ത്തുന്നതിനിടെ ക്രെയിൻ ഒടിയുകയായിരുന്നു. വഗാഡ് കമ്പനിക്കാണ് ദേശീയപാതയുടെ നിർമാണ കരാര്‍.

എറണാകുളത്തെ കൃപ ക്രെയിൻ ആൻഡ് ട്രാൻസ്പോർട്ട് കമ്പനിക്കാണ് ഗര്‍ഡറുകൾ സ്ഥാപിക്കുന്നതിന്റെ ചുമതല. ഗർഡറുകൾ ഉയർത്തുന്നതിന് മുന്നോടിയായി കൗണ്ടർ വെയ്റ്റ് സജ്ജമാക്കുന്നതിനിടയിലാണ് ക്രെയിൻ തകർന്നത്. ഗർഡറുകൾ ഉയർത്തുമ്പോൾ ക്രെയിൻ നിന്ന സ്ഥലത്ത് നിന്ന് തെന്നിമാറാതിരിക്കാനുള്ള സംവിധാനമാണ് കൗണ്ടർ വെയ്റ്റ് ഉറപ്പിക്കൽ. ക്രെയിൻ തകർന്നതോടെ കൂറ്റൻ കോൺക്രീറ്റ് നിർമിതഭാഗം താഴെക്ക് വീണെങ്കിലും സമീപത്ത് ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.

ഗര്‍ഡര്‍ നിര്‍മിച്ചതിൽ അപാകം ഉണ്ടായതിനാൽ പ്രവൃത്തി താൽക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ഞായറാഴ്ച പ്രവൃത്തി പുനരാരംഭിച്ചതിന് പിന്നാലെയാണ് അപകടം. ഗർഡറിന്റെ അടിവശത്തെ ബെയറിങ് തൂണിന് മുകളിലെ ദ്വാരത്തിൽ ഇറക്കിവയ്‌ക്കാൻ കഴിയാത്തതിനെ തുടർന്നാണ് പ്രവൃത്തി നിർത്തിവെച്ചത്. ഇത് പരിഹരിച്ചാണ് നിർമാണം പുനരാരംഭിച്ചത്.

