KOYILANDY DIARY.COM

The Perfect News Portal

മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് തോല്‍പ്പിക്കാനല്ല, മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കും: മന്ത്രി വി ശിവന്‍കുട്ടി

അധ്യാപകര്‍ ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകള്‍ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ഉത്തരക്കടലാസുകള്‍ മറിച്ചു നോക്കാത്ത അധ്യാപകര്‍ ഉണ്ട്. എട്ടാം ക്ലാസുകളില്‍ ആരേയും അരിച്ചു പെറുക്കി തോല്‍പ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. മിനിമം മാര്‍ക്ക് ഏര്‍പ്പെടുത്തുന്നത് വിദ്യാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതല്ല. മാര്‍ക്ക് കുറവുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പഠന പിന്തുണ നല്‍കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടന വേദിയിലാണ് മന്ത്രിയുടെ പരാമര്‍ശം.

ഒന്നാം ക്ലാസ്സുകളിൽ പരീക്ഷ നടത്തിയുള്ള പ്രവേശനം അനുവദിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഖാദർ കമ്മിറ്റി റിപ്പോർട്ട്  നടപ്പാക്കാനുള്ള ചട്ട ഭേദഗതികൾ അതിവേഗം നടപ്പാക്കാൻ ശ്രമിക്കുമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു  വിദ്യാലയങ്ങളിലെ അക്കാദമിക് മികവും ഗുണനിലവാരവും കൂടുതല്‍ മെച്ചപ്പെടുത്താൻ “സമഗ്ര ഗുണമേന്മാ പദ്ധതി” നടപ്പാക്കും. ഇതിനായി മുപ്പത്തിഏഴ് കോടി എണ്‍പത് ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. സബ്ജക്ട് മിനിമം എട്ടാം ക്ലാസിൽ നടപ്പാക്കും.

 

അടുത്ത വർഷം ഒൻപതാം ക്ലാസിലും പിന്നീട് പത്താം ക്ലാസിലും നടപ്പാക്കും. കേന്ദ്ര സർക്കാരിന്റെ നയം പോലെ വിദ്യാർത്ഥികളെ തോൽപ്പിക്കുകയല്ല സംസ്ഥാന സർക്കാറിന്റെ നിലപാട്. മിനിമം മാർക്കില്ലാത്ത വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ ക്ലാസ് നൽകും. റാഗിങ്ങിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. റാഗിങ് വിരുദ്ധ സെല്ലുകൾ എല്ലാ സ്കൂളുകളിലും നടപ്പാക്കും. ഖാദർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നിയമഭേദഗതികൾ വേഗം തന്നെ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Advertisements
Share news