കോട്ടയം നഴ്സിങ്ങ് കോളേജിലുണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു

കോട്ടയം നഴ്സിങ്ങ് കോളേജിൽ ഉണ്ടായ റാഗിംങ്ങിൽ ശക്തമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി ആർ ബിന്ദു. ആരോഗ്യ സർവകലാശാലയ്ക്ക് കീഴിലുള്ള സ്ഥാപനത്തിലാണ് സംഭവം നടന്നത്. സംഭവത്തിൽ ഇടപെടുന്നതിന് പരിമിതിയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ കാലത്ത് കുട്ടികളിൽ കാര്യമായ സ്വഭാവ വൈകല്യം കാണുന്നുണ്ട്. അത് മാറ്റാൻ സമൂഹവും മുന്നിട്ടിറങ്ങണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കലാലയങ്ങളിലെ സംഘർഷം, സംഘാടകർ ജാഗ്രത പാലിക്കണം. മികച്ച രീതിയിൽ ആകണം കലോത്സവങ്ങൾ സംഘടിപ്പിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കോട്ടയം നഴ്സിങ്ങ് കോളേജിലെ റാഗിങിൽ അന്വേഷണ ഉദ്യോഗസ്ഥൻ്റെ വെളിപ്പെടുത്തൽ. പരാതി ലഭിച്ചത് ഈ മാസം 11 ന് ആണെന്നും പരാതി കിട്ടിയ ഉടനെ പരാതിക്കാരായ കുട്ടികളെ വിളിപ്പിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സി.ഐ. ശ്രീജിത്ത് വ്യക്തമാക്കി.

ദൃശ്യങ്ങൾ ലഭിച്ചത് പരാതിക്കാരായ വിദ്യാർത്ഥികളിൽ നിന്നാണ്. ആദ്യം പരാതി പറയാൻ വിദ്യാർത്ഥികൾ ഭയപ്പെട്ടു. പ്രതികളെ 11 ന് തന്നെ കസ്റ്റഡിയിലെടുത്തു. ദ്യശ്യങ്ങൾ ചീത്രീകരിച്ചത് പീഡനത്തിന് ഇരയായ വിദ്യാർത്ഥികളുടെ മൊബൈൽ ഉപയോഗിച്ച് ആണെന്നും ദൃശ്യങ്ങൾ പ്രതികൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പീഡനം നടന്നത് ഡിസംബർ 13 നാണ്. ബർത്ത്ഡേ ആഘോഷത്തിൻ്റെ ഭാഗമായിരുന്നു പീഡനം. ഈ മാസം 9 ന് വീണ്ടും റാഗിങ് നടന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം നൽകിയില്ല. അന്വേഷണം രഹസ്യമായി ജാഗ്രതയോടെ നടത്തി. അതിൻ്റെ ഫലമാണ് പ്രതികൾ വലയിലായതെന്നും അദ്ദേഹം പറഞ്ഞു.

