ബഹുരാഷ്ട്ര കുത്തകകൾക്ക് പൂർണ സ്വാതന്ത്ര്യവും ആനുകൂല്യവും നൽകുന്നതാണ് കേന്ദ്രസർക്കാർ നയം; ഡോ. ജോൺ ബ്രിട്ടാസ് എംപി

ബഹുരാഷ്ട്ര കുത്തകകൾക്ക് പൂർണ സ്വാതന്ത്ര്യവും ആനുകൂല്യവും നൽകുന്നതാണ് കേന്ദ്രസർക്കാർ നയമെന്ന് ഡോ. ജോൺ ബ്രിട്ടാസ് എം പി. ദില്ലിയിൽ സംസ്ഥാന വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ നടന്ന പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെറുകിട സംരംഭങ്ങളെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. നോട്ട് നിരോധനവും ജിഎസ്ടിയും ജിഡിപി വളര്‍ച്ചാനിരക്കിലുണ്ടായ ഇടിവും വ്യാപാര മേഖലയെ തകര്‍ക്കുകയാണ്.

ഓണ്‍ലൈന്‍ വ്യാപാരവും പ്രത്യക്ഷ വിദേശ നിക്ഷേപവും സാമ്പത്തിക മാന്ദ്യവും ചെറുകിട വ്യവസായ മേഖലയെ സാരമായി ബാധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 2 ലക്ഷം വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ചെറുകിട സംരംഭകരെ സംരക്ഷിക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തേജക പാക്കേജ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാന വ്യാപാരി വ്യവസായി സമിതി പാർലമെൻറ് മാർച്ച് നടത്തിയത്.

ജന്തർ മന്തറിൽ നടന്ന ധർണ രാജ്യസഭാ എംപി ഡോ. ജോൺ ബ്രിട്ടാസ് ഉദ്ഘാടനം ചെയ്തു. വൻ വ്യവസായികൾക്ക് നികുതിഭാരം കുറച്ചു നൽകുന്ന നരേന്ദ്രമോദി സർക്കാർ ചെറുകിട കച്ചവടക്കാരെ അവഗണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാർച്ചിൽ ഇടതുപക്ഷ എംപിമാർ, വ്യാപാരി വ്യവസായി സമിതി അധ്യക്ഷൻ വികെസി മമ്മദ് കോയ, സംസ്ഥാന സെക്രട്ടറി ഇഎസ് ബിജു, ട്രഷറർ വി ഗോപിനാഥ് ഉൾപ്പെടെ പ്രമുഖ നേതാക്കൾ പങ്കെടുത്തു.

