ബീച്ചിൽ വെച്ച് യുവതിയെ കടന്നു പിടിച്ച പ്രതി അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയ മേപ്പയൂർ കുട്ടോത്ത് സ്വദേശി ഭഗവതി കോട്ടയിൽ വീട്ടിൽ സുനീഷ് (44) നെ വെള്ളയിൽ പോലീസ് പിടികൂടി. ബീച്ചിൽ വെച്ച് നടക്കുന്ന കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എഴുത്തോല സ്റ്റേജിന്റെ നടവഴിയിൽ പാട്ട് കേട്ടുകൊണ്ട് നിന്ന കൊടുവള്ളി സ്വദേശിനിയുടെ ശരീരത്തിൽ കയറിപ്പിടിച്ച് ലൈംഗിക അതിക്രമം നടത്തിയ പ്രതിയെയാണ് പോലീസ് പൊക്കിയത്.

വെള്ളയിൽ എസ് ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിക്കെതിരെ കസബ പോലീസ് സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്, കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
