KOYILANDY DIARY.COM

The Perfect News Portal

വന്യജീവികളുടെ ആക്രമണം കാരണം വനമേഖലയില്‍ മാത്രമല്ല ജനവാസ മേഖലയിലും ആശങ്ക നിലനില്‍ക്കുന്നു; മന്ത്രി എ കെ ശശീന്ദ്രൻ

വന്യജീവികളുടെ ആക്രമണം കാരണം വനമേഖലയില്‍ മാത്രമല്ല ജനവാസ മേഖലയിലും ആശങ്ക നിലനില്‍ക്കുന്നുവെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. കോതമംഗലത്തെ കാട്ടാന ആക്രമണം വനത്തിനകത്താണ് നടന്നതെങ്കിലും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കി. എല്ലാ വന്യജീവി ആക്രമണങ്ങളിലും ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ല എന്നതാണ് കേന്ദ്രസര്‍ക്കാർ നിലപാടെന്നും വന്യജീവി ആക്രമണം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു.

വന്യജീവി ആക്രമണം കാരണം മരണം കൂടി വരികയാണ് എന്നത് ശാസ്ത്രീയമായ കണക്ക് അല്ല. കാര്യക്ഷമമായ പ്രവര്‍ത്തനം പരിമിതിക്കുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നുണ്ട്. നിസ്സാരമായ പ്രശ്‌നമല്ല ഇത്. പൊതുവേ സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ്. ഭരണകൂടം ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ട്. വനം നിയമ ഭേദഗതി സര്‍ക്കാര്‍ നടപ്പാക്കിയിട്ടില്ല. നിയമസഭയില്‍ ചര്‍ച്ചചെയ്യാന്‍ അവസരം ഉണ്ടായിരുന്നു. എന്നാൽ പ്രതിപക്ഷം തയ്യാറായില്ല. ജനങ്ങളുടെ അഭിപ്രായം ആരായാന്‍ സമയം നല്‍കി. ജനങ്ങളുടെ അഭിപ്രായം മാനിച്ചുകൊണ്ടാണ് അത് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. അതിനെ അഭിനന്ദിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രതിപക്ഷത്തോട് മന്ത്രി പറഞ്ഞു.

 

ഞങ്ങള്‍ ജനങ്ങളോട് ഒപ്പം നിന്നത് കൊണ്ടാണ് ഭേദഗതി പിന്‍വലിച്ചത്. അത് അറിയുന്ന ജനങ്ങള്‍ അവിടെയുണ്ട്. രണ്ടുവര്‍ഷമായി സംസ്ഥാനത്ത് കാട്ടുപന്നിയെ വെടിവയ്ക്കല്‍ അനുമതിയുണ്ട്. തമിഴ്‌നാട് ഇപ്പോഴാണ് ആ നിയമം കൊണ്ടുവന്നത്. കേന്ദ്രത്തെ പഴി പറഞ്ഞു സര്‍ക്കാര്‍ മാറിനില്‍ക്കുകയല്ല. സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച് ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാനാണ് തയ്യാറായത്. മൃതശരീരം വെച്ച് വിലപേശുന്ന രാഷ്ട്രീയ സമീപനം എത്രത്തോളം മനുഷ്യത്വപരമാണ് എന്ന് ചിന്തിക്കണം. ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ ബഹളമുണ്ടാക്കി. അത് പൊലീസ് നോക്കിനില്‍ക്കില്ല. ഇന്ദിര രാമചന്ദ്രന്‍ ഉള്‍ക്കാട്ടിലാണ് മരിച്ചത്. അതൊന്നും നോക്കാതെ സഹായം കൊടുക്കാന്‍ മുഖ്യമന്ത്രിയാണ് നിര്‍ദേശിച്ചത്. മരണമുണ്ടായത് കരുളായിയിലാണ്. എന്നാൽ, അവിടത്തെ എംഎല്‍എ ആയിരുന്നയാള്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആണ് ആക്രമിച്ചത്.

Advertisements

 

ഇത് ഇന്നോ നാളെയോ അടിയന്തരമായി പരിഹരിക്കാന്‍ കഴിയുന്ന പ്രശ്‌നമല്ല. വിശദമായ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്. ഒരു മരണം പോലും ഉണ്ടാകരുത് എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. കേന്ദ്ര നിയമത്തില്‍ മാറ്റം വരുത്തേണ്ടതുണ്ട്. ജനങ്ങളുടെ ആശങ്ക കൂടി കേള്‍ക്കണം. കേരള വന നിയമത്തിലും മാറ്റങ്ങള്‍ വേണം. ജനങ്ങളെ ചേര്‍ത്തുപിടിച്ച് അവര്‍ക്ക് ഹാനി വരാത്ത തരത്തിലേ സര്‍ക്കാര്‍ നിയമം ഉണ്ടാക്കൂ. അരാഷ്ട്രീയ സംഘടനകള്‍ വിഷയത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലയോര മേഖലയെയും സര്‍ക്കാരിനെയും തമ്മിലടിപ്പിക്കാന്‍ ശ്രമം നടക്കുന്നു. ചില അരാഷ്ട്രീയവാദികള്‍ അവിടെയുണ്ട്. പുതിയ ചില വീരപ്പന്മാര്‍ ഉണ്ടാകുന്നുവെന്നും മന്ത്രി പറഞ്ഞു. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം സ്പീക്കർ തള്ളി. ഇതിനെ തുടർന്ന് പ്രതിപക്ഷ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Share news