യുവാവിനെ കാറിടിച്ച ശേഷം കടന്ന ഡ്രൈവർ മൂന്നുമാസത്തിനു ശേഷം പിടിയിൽ

മലപ്പുറം: യുവാവിനെ രാത്രി ഇടിച്ചിട്ട ശേഷം നിർത്താതെ കടന്ന കാർ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ഉടമ മഞ്ചേരി സ്വദേശി റാഫി (28)യെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒക്ടോബർ 18ന് രാത്രി മഞ്ചേരി – കൂട്ടിലങ്ങാടി റോഡിൽ മെരുവിൻകുന്നിന് സമീപം 1.10 നാണ് അപകടമുണ്ടായത്.

ടർഫിൽ ഫുട്‌ബോൾ കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുകയായിരുന്ന കൂട്ടിലങ്ങാടി തെങ്ങുംതൊടി സുനീറി (38) നെ ആണ് എതിരെ വന്ന ഡിസൈർ കാർ ഇടിച്ചു വീഴ്‌ത്തിയത്. അപകട ശേഷം യുവാവിനടുത്തെത്തിയ കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ സുനീറിനെ ആശുപത്രിയിൽ എത്തിക്കാതെ കാറുമായി മുങ്ങി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്‌ത്രീയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.

