ശ്രീ വളയനാട് ദേവീക്ഷേത്രോത്സവം കൊടിയേറി

കോഴിക്കോട്: വളയനാട് ദേവീക്ഷേത്രോത്സവം കൊടിയേറി. തന്ത്രി ചേന്നാസ് ശങ്കരനാരായണന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തിലാണ് കൊടിയേറ്റം നടന്നത്. സാമൂതിരി രാജാവിന്റെ പ്രതിനിധി ടി.ആര്.രാമവര്‍മ തന്ത്രിക്ക് കൂറയും പവിത്രവും നല്കി.
ആറുദിവസമായി ക്ഷേത്രത്തില്‍നടന്ന ദ്രവ്യകലശം ശ്രീഭൂതബലിയോടെ സമാപിച്ചു. രാവിലെ കലവറ നിറയ്ക്കല്‍ നടത്തി. സാംസ്കാരിക സമ്മേളനം ടി.കെ. രാമവര്മയും കലാപരിപാടികള്‍ വിദ്യാസാഗറും ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ ഷെമീന, എക്സിക്യുട്ടീവ് ഓഫീസര്‍ വി.എം.ചന്ദ്രദാസ്, എന്‍.കേശവന് മൂസത്, കെ.പി.കുഞ്ഞിനാരായണന് മൂസത് എന്നിവര്‍ സംസാരിച്ചു. ബാലരാമപുരം ബാബു അവതരിപ്പിച്ച ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന കഥാപ്രസംഗവും അരങ്ങേറി.

ഫെബ്രുവരി ആറുമുതല്‍ പത്തുവരെ ദിവസവും രാവിലെ 9.30-ന് ഓട്ടന്തുള്ളല്(മുചുകുന്ന് പത്മനാഭന്), വൈകിട്ട് മൂന്നിന് ചാക്യാര്‍കൂത്ത് (പൊതിയില്‍ നാരായണ ചാക്യാര്‍), 6.30-ന് പാഠകം(രാമചന്ദ്രന് നമ്പ്യാര്‍), രാത്രി എട്ടിന് കളമെഴുത്തുംപാട്ടും എന്നിവയുണ്ടാകും.ഫെബ്രുവരി ആറിന് വൈകിട്ട് നൃത്തനൃത്യങ്ങള്‍.

ഏഴിന് പനമണ്ണശശിയും കലാനിലയം ഉദയന്‍ നമ്പൂതിരിയും അവതരിപ്പിക്കുന്ന ഇരട്ടത്തായമ്പക, രാത്രി ഏഴിന് പല്ലശ്ശന സുധാകരന്റെ തായമ്പക, രാത്രി ഒമ്പതിന് ഗാനമേള.

എട്ടിന് രാത്രി ഏഴിന് കല്ലൂര്‍ രാമന്‍കുട്ടിയുടെ തായമ്പക, ഒമ്പതിന് മിമിക്സ് പരേഡ്, ഒമ്പതിന് കാലിക്കറ്റ് വി ഫോര്‍ യുവിന്റെ മിമിക്സ്പരേഡ്, രാത്രി ഏഴിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശ്രീകാന്ത്, ശ്രീരാജ് എന്നിവരുടെ ട്രിപ്പിള്‍ തായമ്പക, രാത്രി ഒമ്പതിന് നാഗമഠത്ത് തമ്പുരാട്ടി നാടകം.
പത്തിന് വൈകീട്ട് ആറിന് താമരക്കാട് കൃഷ്ണന് നമ്പൂതിരിയുടെ സംഗീതക്കച്ചേരി, രാത്രി ഏഴിന് കലാമണ്ഡലം ബലരാമന്റെയും, ശിവദാസിന്റെയും ഡബിള്‍ തായമ്പക, ഒമ്പതിന് മൃദുല വാര്യര്‍ നയിക്കുന്ന ഗാനമേള എന്നിവയുണ്ടാകും.
11-ന് രാത്രി എട്ടിന് ആനയും പാണ്ടിമേളവുമായി പള്ളിവേട്ട എഴുന്നള്ളിപ്പ് നടക്കും. 12-ന് വൈകീട്ട് അഞ്ചിന് ആറാട്ടെഴുന്നള്ളിപ്പ് തുടങ്ങും. രാത്രി പത്തിന് മാങ്കാവ് ത്രിശാലക്കുളത്തില് ആറാട്ടു കഴിഞ്ഞ് ക്ഷേത്രത്തില്‍ മടങ്ങിയെത്തി കൊടിയിറക്കല്‍. ഫെബ്രുവരി ആറുമുതല്‍ 11വരെ പ്രസാദഊട്ടും 12-ന് ആറാട്ട് ആറാട്ട് കഞ്ഞിയുമുണ്ടാകും.
