KOYILANDY DIARY.COM

The Perfect News Portal

പെരിയ കൊലപാതക കേസ്; 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തവും പിഴയും

പെരിയ കൊലപാതക കേസിൽ 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവും 2 ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. മറ്റ് പ്രതികൾ 5 വർഷം വീതം തടവ് ശിക്ഷ അനുഭവിക്കണം. എറണാകുളം പ്രത്യേക സി ബി ഐ കോടതിയുടേതാണ് ഉത്തരവ്. ഒന്ന് മുതൽ 8 വരെ പ്രതികളായ എ. പീതാംബരന്‍, സജി സി. ജോര്‍ജ്, കെ.എം. സുരേഷ്, കെ. അനില്‍ കുമാര്‍, ജിജിന്‍, ആര്‍. ശ്രീരാഗ്, എ. അശ്വിന്‍, സുബീഷ്, എന്നിവർക്കും പത്താം പ്രതി രഞ്ജിത്ത്, പതിനഞ്ചാം പ്രതി എ. സുരേന്ദ്രന്‍ എന്നിവർക്കുമാണ് ഇരട്ട ജീവപര്യന്തം ശിക്ഷ കോടതി വിധിച്ചത്. രണ്ട് ലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

പതിനാലാം പ്രതി കെ. മണികണ്ഠന്‍, ഇരുപതാം പ്രതി കെ.വി. കുഞ്ഞിരാമന്‍, ഇരുപത്തിയൊന്നാം പ്രതി രാഘവന്‍ വെളുത്തോളി, ഇരുപത്തിരണ്ടാം പ്രതി കെ. വി. ഭാസ്കരൻ എന്നിവർക്ക് അഞ്ച് വർഷം തടവ് ശിക്ഷയും ലഭിച്ചു. മറ്റ് രണ്ട് പ്രതികൾക്ക് 5 വർഷം തടവും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. ആകെ 24 പ്രതികളുള്ള കേസിൽ 14 പേർ കുറ്റക്കാരാണെന്ന് എറണാകുളത്തെ പ്രത്യേക കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. സി ബി ഐ പ്രതി ചേർത്തവരടക്കം പത്തുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.

 

കുറ്റക്കാരാണെന്ന് കണ്ടെത്തിയ പതിനാല് പേരുടെ ശിക്ഷയാണ് ഇന്ന് വിധിച്ചത്. ശിക്ഷ സംബന്ധിച്ച് നടന്ന വാദത്തിൽ ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതികൾ കോടതിയോട് അപേക്ഷിച്ചു. എന്നാൽ വധശിക്ഷ നൽകണമെന്നായിരുന്നു സി ബി ഐ യുടെ ആവശ്യം. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈം ബ്രാഞ്ചും ഒടുവിൽ സി ബി ഐ യുമാണ് കേസ് അന്വേഷിച്ചത്. സി ബി ഐ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയ ഒരാൾക്ക് മാത്രമാണ് കൊലപാതകത്തിൽ പങ്കുള്ളതായി കോടതി കണ്ടെത്തിയത്.

Advertisements
Share news