KOYILANDY DIARY.COM

The Perfect News Portal

ഡേ മാർട്ട് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട്: ഡേ മാർട്ട് സൂപ്പർ മാർക്കറ്റിൽ കവർച്ച നടത്തിയ പ്രതികൾ പിടിയിൽ. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി (24), ബേപ്പൂർ സ്വദേശി വിശ്വജിത്ത് (21), അഫ് ലഹ് ചെമ്മാടൻ (20) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.
മോഷണം നടന്ന അന്നു തന്നെ ടൗൺ ACP അഷറഫ് TK യുടെ നിർദ്ദേശപ്രകാരം നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് ശാസ്ത്രീയ രീതിയിൽ തെളിവുകൾ ശേഖരിച്ചിരുന്നു. ഡേ മാർട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികൾ പൂർണമായും മുഖം മറച്ചിരുന്നതും കയ്യുറകൾ ധരിച്ചതും ആസൂത്രിതമായ കവർച്ചയിലേക്കാണ് വിരൽ ചൂണ്ടിയത്. 
ഫറോക്കിലെ രഹസ്യകേന്ദ്രത്തിൽനിന്നും കവർച്ച ആസൂത്രണം ചെയ്ത് പ്രതികൾ ബൈക്കിൽ രാത്രി രണ്ടേമുക്കാലോടെ നടക്കാവിലേക്ക് പുറപ്പെട്ടു.
രണ്ടാഴ്ചയോളം ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ഡേ മാർട്ട് ജോലി ചെയ്ത് സിസിടിവിയുടെ ചിത്രീകരണ പരിധിയുൾപ്പെടെ സാങ്കേതിക സജ്ജീകരണങ്ങളെകുറിച്ചും സമീപത്തുള്ള മറ്റ് നിരീക്ഷണ ക്യാമറകളെകുറിച്ചും മനസ്സിലാക്കിയിരുന്നു. നഗരത്തിലെ എ.ഐ.ക്യാമറകളും സിസിടിവി ക്യാമറകളും കുറവുള്ള റൂട്ട്  കൃത്യമായി മനസ്സിലാക്കിയ ശേഷമാണ് പ്രതികൾ പദ്ധതി നടപ്പാക്കിയത്. രണ്ടുപേർ അകത്ത് കടന്ന് മോഷണം നടത്തുമ്പോൾ ഒരാൾ പുറത്ത് കാവൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലാണ് മോഷണം ആസൂത്രണം ചെയ്തത്.
തുടക്കത്തിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയ്ക്ക് പിന്നിൽ സൂപ്പർമാർക്കറ്റുമായി ബന്ധമുള്ള ആളാണെന്ന് സിറ്റി ക്രൈം സ്ക്വാഡിൻ്റെ ശരീരഭാഷാ വിശകലന വിദഗ്ദർ കണ്ടെത്തിയിരുന്നെങ്കിലും ഒരു വർഷം മുമ്പ് മാനേജരുമായി പ്രശ്നമുണ്ടാക്കി ജോലി ഉപേക്ഷിച്ച് ഇറങ്ങിയ പ്രതിയിലേക്കെത്താൻ സിറ്റിയിലെ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് സിറ്റി ക്രൈം സ്ക്വാഡ് ശേഖരിച്ചത്. പോലീസിനെ വഴി തിരിച്ചുവിടാനായി ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പുറപ്പെട്ട് തിരികെ അതേ സ്ഥലത്ത് തന്നെ എത്തുകയായിരുന്നു.
പ്രതികൾ റെയിൽവേ സ്റ്റേഷനിലെത്തിയ സമയം ട്രെയിൻ കടന്നുപോയിരുന്നുവെങ്കിലും അതിന് ഫറോക്കിൽ സ്റ്റോപ്പ് ഉണ്ടാകാതിരുന്നത് കേസിൽ വഴിത്തിരിവായി. തുടർന്ന് ഫറോക്കിൽ താത്കാലിക താവളമൊരുക്കി സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിശദമായ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം ഇരുപതിന് തിരൂർ മാർക്കറ്റിലെ മാങ്ങാടൻ ബിൽഡിങ്ങിലെ കടയിലും സമാനമായ രീതിയിൽ  മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു.
ആഢംഭര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് മോഷ്ടിച്ചു കിട്ടിയ പണം ഉപയോഗിക്കുന്നത്. പ്രതികൾക്ക് മറ്റു സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, ഷഹീർ പെരുമണ്ണ, നടക്കാവ് സബ് ഇൻസ്പെക്ടർമാരായ ബിനു മോഹൻ, ലീല വേലായുധൻ, SCPOമാരായ ശ്രീകാന്ത്, രജീഷ് PK, ഷജൽ ഇഗ്നേഷ്യസ്  എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Share news