KOYILANDY DIARY.COM

The Perfect News Portal

കോരപ്പുഴയിൽ നിക്ഷേപിച്ച അവശിഷ്ട മണ്ണ് ഉടൻ നീക്കം ചെയ്യും: മന്ത്രി എ കെ ശശീന്ദ്രൻ

എലത്തൂർ: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി കോരപ്പുഴയിൽ നിക്ഷേപിച്ച അവശിഷ്ട മണ്ണ് ഒരു മാസത്തിനകം നീക്കം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. ഒരു മാസത്തിനകം മണ്ണ് പൂർണമായി നീക്കം ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കോരപ്പുഴ പാലം നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദേശം നൽകിയത്. 
കാനത്തിൽ ജമീല എംഎൽഎ, ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്‌, ദേശീയപാത ഉദ്യോഗസ്ഥർ, മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി വി കെ മോഹൻദാസ്, മത്സ്യത്തൊഴിലാളി പ്രതിനിധികളായ കെ പി അനിൽ കുമാർ, ടി കെ വിജയൻ, എം ചന്ദ്രശേഖരൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. വെള്ളത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന വിധമാണ് നിർമാണ പ്രവൃത്തിയുടെ ഭാഗമായി പുറക്കാട്ടിരി ഭാഗത്തും വെങ്ങളത്തും കോരപ്പുഴയിൽ മണ്ണ് നിക്ഷേപിച്ചത്. 
വെള്ളത്തിൽ കുറ്റിയടിച്ച് മണ്ണ് നിക്ഷേപിച്ച്‌ നടുക്ക് പില്ലർ നിർമിച്ചാണ് പാലം മുകളിൽ വാർക്കുക. ഏകദേശം 3 മീറ്ററിലേറെ ആഴത്തിലാണ് ഇങ്ങനെ മണ്ണ് നിക്ഷേപിച്ചത്. ഇത് നീക്കംചെയ്യാതെ മത്സ്യബന്ധനം നടക്കില്ലെന്ന് മാത്രമല്ല ഒഴുക്കിനെ തടസ്സപ്പെടുത്തുകയും പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാവുകയും ചെയ്യും. പില്ലർ നിർമാണം പൂർത്തിയായിട്ടും മണ്ണ് മാറ്റാത്തതിനെ തുടർന്ന് ജനങ്ങളും മത്സ്യത്തൊഴിലാളികളും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മത്സ്യത്തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി സമരവും നടത്തി. മണ്ണ് നീക്കം ചെയ്തുവെന്ന ദേശീയപാതാ അധികൃതരുടെ വാദം മത്സ്യത്തൊഴിലാളി പ്രതിനിധികൾ അംഗീകരിച്ചില്ല.
ഇതേതുടർന്ന് ശനിയാഴ്ച സ്ഥലം പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കാമെന്ന് ദേശീയപാതാ അധികൃതർ സമ്മതിച്ചു. ആശങ്ക പരിഹരിക്കുന്നതിനായി മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി കാനത്തിൽ ജമീല എംഎൽഎയുടെ സാന്നിധ്യത്തിൽ 30ന് രാവിലെ 9ന് വെങ്ങളം പാലത്തിന് സമീപം യോഗം ചേരും. പാലം നിർമാണവുമായി ബന്ധപ്പെട്ട് കാര്യങ്ങൾ നിരീക്ഷിക്കാൻ സമിതിയെ നിയോഗിച്ചതായും കലക്ടർ അറിയിച്ചു.

 

Share news