KOYILANDY DIARY.COM

The Perfect News Portal

താമരശേരി ചുരത്തിലെ അപകട യാത്ര; കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

കോഴിക്കോട് താമരശേരി ചുരത്തിലൂടെ മൊബൈലിൽ സംസാരിച്ചുകൊണ്ട് ബസോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ അപകട യാത്രയിൽ ആർടിഒ നടപടിയെടുത്തു. ഡ്രൈവർ കോഴിക്കോട് സ്വദേശി റാഫിഖിന്‍റെ ലൈസൻസ് 3 മാസത്തേക്ക് റദ്ദാക്കി. എൻഫോഴ്സ്മെന്‍റ് ആർടിഒയുടേതാണ് നടപടി. 5 ദിവസത്തെ റോഡ് സുരക്ഷാ ക്ലാസിൽ ഡ്രൈവർ പങ്കെടുക്കാനും നിർദേശമുണ്ട്.

കഴിഞ്ഞ ശനിയാഴ്ചയാണ് ചുരത്തിലൂടെ മൊബൈൽ ഫോണിൽ സംസാരിച്ച് ഇയാൾ കെഎസ്ആർടിസി ബസ് ഓടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നത്. അപകടം പതിവായ താമരശ്ശേരി ചുരത്തിലൂടെയുള്ള സാഹസികയാത്ര പൊതുജനങ്ങളുടെ കനത്ത പ്രതിഷേധം വരുത്തി വെച്ചിരുന്നു.

 

കൽപ്പറ്റയിൽ നിന്ന് യാത്ര ആരംഭിച്ചത് മുതൽ ഡ്രൈവർ മൊബൈൽ ഫോണിൽ സംസാരിച്ചിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. ഫോൺ കട്ട് ചെയ്യാൻ ആവശ്യപ്പെട്ടിട്ടും ഡ്രൈവർ തയ്യാറായില്ലെന്നും പറയുന്നു. യാത്രക്കാർ പകർത്തിയ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതോടെയാണ് മോട്ടോർ വാഹന വകുപ്പ് നടപടി എടുത്തത്.

Advertisements
Share news