KOYILANDY DIARY.COM

The Perfect News Portal

സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനം; സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി

കേരള സാങ്കേതിക, ഡിജിറ്റല്‍ സര്‍വകലാശാലകളിലെ താല്‍ക്കാലിക വിസി നിയമനത്തിൽ സര്‍ക്കാരിന്റെ ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതി ജഡ്ജി പിന്മാറി. ജസ്റ്റിസ് എന്‍ നഗരേഷാണ് ഹര്‍ജികള്‍ പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. ഹര്‍ജികള്‍ ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ച് അടുത്ത ദിവസം പരിഗണിക്കും. താല്‍ക്കാലിക വിസിമാരെ നിയമിച്ച ചാന്‍സലറുടെ നടപടി റദ്ദാക്കണമെന്നാണ് സര്‍ക്കാരിന്റെ ഹര്‍ജികളിലെ ആവശ്യം.

ഹെെക്കോടതി ഉത്തരവ് വകവെ്യ്ക്കാതെ ഗവർണർ സാങ്കേതിക സർവ്വകലാശാല താൽക്കാലിക വിസിയെ നിയമിച്ചത് സ്റ്റേ ചെയ്യണമെന്നാണ് സർക്കാർ ആവശ്യം. സർക്കാർ നൽകിയ പാനലിന് പുറത്ത്നിന്നും വി സിയെ നിയമിച്ചത് ചോദ്യംചെയ്താണ് ഹർജി. സാങ്കേതിക സർവ്വകലാശാല നിയമപ്രകാരം താൽക്കാലിക വിസി നിയമനം സർക്കാർ നൽകുന്ന പട്ടികയിൽനിന്ന് ആകണമെന്ന ഹെെക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ കോടതി ഉത്തരവ് മറകടന്ന് ഗവർണർ നിയമനം നടത്തുകയായിരുന്നു.

 

ഗവര്‍ണര്‍ രാഷ്ട്രീയ താത്പര്യത്തോടെയാണ് വിസിമാരെ നിയമിച്ചതെന്നും, ഹൈക്കോടതിയെ വെല്ലുവിളിച്ചാണ് ഗവര്‍ണറുടെ നീക്കമെന്നും എസ്എഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് അനുശ്രീ പറഞ്ഞു. സര്‍വകലാശാലയുടെ താത്പര്യം പോലും പരിഗണിക്കാതെയാണ് വിസിമാരെ ചാൻസലർ നിയമിച്ചിട്ടുള്ളതെന്നും എസ്എഫ്‌ഐ വിഷയത്തിൽ പ്രതികരിച്ചു.

Advertisements

 

അതേസമയം, ഹൈക്കോടതിയിൽ അപമര്യാദയായി പെരുമാറിയതിന് അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ചു. അഡ്വ. മാത്യൂസ് ജെ നെടുമ്പാറയ്‌ക്കെതിരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയില്‍ വാദത്തിനിടെ അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് കോടതി നടപടിയിലേക്ക് കടന്നത്. ക്രിമിനല്‍ കോടതിയലക്ഷ്യ കേസെടുത്ത ഹൈക്കോടതി മാത്യൂസ് ജെ നെടുമ്പാറയ്ക്ക് നോട്ടീസയച്ചു. ജനുവരി ഏഴിനകം മറുപടി നല്‍കാന്‍ അഭിഭാഷകന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം നൽകി. തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യത്തിന് നടപടിയെടുക്കാന്‍ ബാര്‍ കൗണ്‍സിലിനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശം നൽകി.

Share news