KOYILANDY DIARY.COM

The Perfect News Portal

എഴുന്നള്ളിപ്പ് മാനദണ്ഡം പാലിച്ചില്ല; തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ കേസ്

കൊച്ചി: ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി മാനദണ്ഡങ്ങൾ ലംഘിച്ച തൃപ്പൂണിത്തുറ പൂർണത്രയീശ ക്ഷേത്ര ഭാരവാഹികൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. ആനകൾ തമ്മിൽ മൂന്ന് മീറ്റർ അകലം പാലിച്ചിരുന്നില്ല. ആനകളും ജനക്കൂട്ടവും തമ്മിലുള്ള അകലം എട്ട് മീറ്ററിൽ താഴെയായിരുന്നു.

ആനകളെ അകലം പാലിച്ചാണ് എഴുന്നള്ളിച്ചതെന്നും മഴ കാരണമാണ് അടുത്തടുത്ത് നിർത്തേണ്ടി വന്നതെന്നുമാണ് ഭാരവാഹികൾ വിശദീകരണം നൽകിയത്. ഉത്സവത്തിന്റെ ഭാ​ഗമായി ഇളവനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി നാളെ പരി​ഗണിക്കാനിരിക്കെയാണ് നടപടി.

മതപരമായ ഉത്സവങ്ങളിലും ചടങ്ങുകളിലും ആന എഴുന്നള്ളത്തിൽ ഹൈക്കോടതി മാർ​ഗരേഖ പുറത്തിറക്കിയിരുന്നു. ആനയും തീവെട്ടിയും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി വേണം, ആനകൾ നിൽക്കുന്നിടത്ത്‌ ബാരിക്കേഡ് വേണം, ദിവസം 30 കി.മീ. കൂടുതൽ ആനകളെ നടത്തിക്കരുത്, രാത്രി 10 മുതൽ പുലർച്ചെ നാലുവരെ യാത്ര ചെയ്യിക്കരുത്, രാത്രിയിൽ ശരിയായ വിശ്രമസ്ഥലം സംഘാടകർ ഉറപ്പാക്കണം, ദിവസം 125 കി.മീറ്ററിൽ കൂടുതൽ യാത്ര ചെയ്യിക്കരുത്, കൊണ്ടുപോകുന്ന വാഹനത്തിന്റെ വേഗം 25 കി.മീറ്ററിൽ താഴെയാകണം, രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ പൊതുനിരത്തിലൂടെ എഴുന്നള്ളിക്കരുത്, വെടിക്കെട്ട് സ്ഥലവും ആനയും തമ്മിൽ 100 മീറ്റർ അകലം വേണം തുടങ്ങിയവയാണ് മാർ​ഗരേഖയിലെ പ്രധാന നിർദേശങ്ങൾ.

Advertisements

 

Share news