വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം

വയലനിസ്റ്റ് ബാലഭാസ്കറിൻ്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം. ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് അച്ഛൻ സികെ ഉണ്ണി. സിബിഐ ഉദ്യോഗസ്ഥൻ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും അച്ഛന്റെ വെളിപ്പെടുത്തൽ. ബാലഭാസ്കറിന്റെ ഡ്രൈവറായിരുന്ന അർജുൻ സ്വർണക്കവർച്ച കേസിൽ പിടിയിലായതിന് പിന്നാലെയാണ് കുടുംബത്തിന്റെ ആരോപണം.
പെരിന്തൽമണ്ണ സ്വർണ്ണക്കവർച്ച കേസിൽ മുൻ ഡ്രൈവർ അർജുൻ അറസ്റ്റിലായതോടെയാണ് ബാലഭാസ്കറിന്റേത് കൊലപാതകമെന്ന് ആവർത്തിച്ച് കുടുംബം രംഗത്തെത്തിയത്. അർജുൻ നേരത്തെ തന്നെ പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നും ബാലഭാസ്കറിന്റെ അച്ഛൻ സികെ ഉണ്ണി പ്രതികരിച്ചു. അപകടം ഉണ്ടായ ശേഷമാണ് കേസുകളെക്കുറിച്ച് അറിഞ്ഞത്.

ബാലഭാസ്കറിന്റെ മരണത്തിന് പിന്നിൽ അർജുനും സ്വർണ്ണക്കടത്ത് സംഘവുമാണെന്നും അച്ഛൻ ആരോപിച്ചു. കേസന്വേഷിച്ച സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണൻ തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്നും അച്ഛൻ വെളിപ്പെടുത്തി. അർജുൻ സ്വർണ്ണ കവർച്ചാക്കേസിൽ പിടിയിലായ കാര്യം അഭിഭാഷകൻ മുഖേന സിബിഐയെ അറിയിക്കും. അതേസമയം, ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മി തങ്ങളുമായി ഒരു ബന്ധവും പുലർത്താറില്ലെന്നും അച്ഛൻ സികെ ഉണ്ണി പറഞ്ഞു. യഥാർത്ഥ വസ്തുത പുറത്തുവരുംവരെ നിയമ പോരാട്ടം തുടരാനാണ് കുടുംബത്തിന്റെ തീരുമാനം.

