KOYILANDY DIARY.COM

The Perfect News Portal

പൊലീസുകാർക്ക് നേരെ ​ഗുണ്ടാ ആക്രമണം; നാല് പേർ കൂടി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് പൊലീസുകാർക്ക് നേരെ ​ഗുണ്ടാ ആക്രമണം.  കുപ്രസിദ്ധ ​ഗുണ്ടാ നേതാവായ കരിപ്പൂർ സ്വദേശി സ്റ്റംമ്പർ അനീഷും സംഘവുമാണ് പൊലീസുകാരെ ആക്രമിച്ചത്. അനീഷിന്റെ സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷം വിലക്കിയതിനാണ് പ്രതിയും സംഘവും ആക്രമണം നടത്തിയത്.

നെടുമങ്ങാട് ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം നടന്നത്. സഹോദരിയുടെ മകന്റെ പിറന്നാൾ ആഘോഷത്തിനായി നെടുമങ്ങാട് ഒത്തുകൂടിയതാണ് അനീഷും സം​ഘവും. പിറന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ഇരുപതോളം ​ഗുണ്ടകൾ പങ്കെടുക്കുന്ന ഒരു പാർട്ടി സംഘടിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. പിറന്നാൾ പാർട്ടി പൊലീസ് നേരത്തെ വിലക്കിയിരുന്നു. ആഘോഷം നടക്കുന്നത് അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസിനെ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.

ആക്രമണത്തിൽ എട്ട് പൊലീസുകാർക്ക് പരിക്കേറ്റു. ഇവർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. സംഭവത്തിൽ പന്ത്രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതായാണ് വിവരം. സ്റ്റംബർ അനീഷ് ഉൾപ്പെടെ എട്ടു പേരെ പൊലീസ് ഇന്നലെ തന്നെ കസ്റ്റഡിയിലെടുത്തിരുന്നു. മറ്റ് നാല് പേർ ഇന്നാണ് പിടിയിലായത്. ഇവർക്കെതിരെ വധശ്രമം, പൊലീസ് വാഹനം നശിപ്പിക്കൽ, ഡ്യൂട്ടി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി. പിടിയിലായ ഗുണ്ടാ നേതാവ് സ്റ്റംബർ അനീഷ് കാപ്പാ കേസിലെ പ്രതിയാണ്.

Advertisements

 

Share news