KOYILANDY DIARY.COM

The Perfect News Portal

വയനാട് ദുരന്തം; ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ രാജ്യസഭയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് പ്രത്യേക സാമ്പത്തിക സഹായം നല്‍കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അതേസമയം ചൂരല്‍മല – മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കെ. രാധകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ നോട്ടീസ് നല്‍കി.

ഇതേ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് വി ശിവദാസന്‍ എംപിയും നല്‍കിയിട്ടുണ്ട്. റൂള്‍ 367 പ്രകാരം രാജ്യസഭയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നാണ് എംപി ആവശ്യപ്പെട്ടിരിക്കുന്നത്. കേരളത്തോടുള്ള കടുത്ത വിവേചനം നീതി നിഷേധമാണ് കാണിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും വി ശിവദാസന്‍ എംപി ആവശ്യപ്പെട്ടിട്ടുണ്ട്.

 

മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തെ അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ദുരന്തമുണ്ടായി നാലുമാസം കഴിഞ്ഞിട്ടും ഇതുവരെ തീരുമാനമെടുത്തില്ലേയെന്ന് കേന്ദ്രത്തോട് കോടതി ചോദിക്കുകയും ചെയ്തു. രണ്ടാഴ്ച്ചക്കകം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വയനാട്ടിലേത് അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

Advertisements
Share news