KOYILANDY DIARY.COM

The Perfect News Portal

ഏനത്ത് പാലം ബലപ്പെടുത്താനുളള നിർദ്ദേശം മന്ത്രിസഭ അംഗീകരിച്ചു

തിരുവനന്തപുരം > കൊല്ലം, പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടാരക്കരയിലെ തകരാറിലായ ഏനാത്ത് പാലത്തിന്റെ അടിത്തറ ശക്തിപ്പെടുത്തി തൂണുകള്‍ പുനര്‍നിര്‍മ്മിച്ച്‌ പാലം ബലപ്പെടുത്തുന്നതിനുളള പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദ്ദേശം മന്ത്രിസഭ അംഗീകരിച്ചതായി മന്തി ജി.സുധാകരന്‍ അറിയിച്ചു.

4.75 കോടി രൂപയുടെ അടങ്കലാണ് ഇതിനായി സമര്‍പ്പിച്ചത്. കെഎസ്റ്റിപി ഇപ്പോള്‍ കരാര്‍ വെച്ച കഴക്കൂട്ടം അടൂര്‍ മാതൃകാ സുരക്ഷാ ക്വാറിഡോറിന്റെ ഭാഗമായി ഈ പാലത്തിന്റെ പണിയും ചെയ്യുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്. 167 കോടി അടങ്കല്‍ നിശ്ചയിച്ച ഈ പ്രവൃത്തി 146 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിട്ടുളളത്. ഇതില്‍ മിച്ചം വരുന്ന 21 കോടി രൂപയില്‍ ഉള്‍പ്പെടുത്തി ഏനാത്ത് പാലത്തിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതാണ്. അതേ കരാറിന്റെ ഭാഗമായി ഈ പണി ചെയ്യുന്നതിനാണ് അംഗീകാരം നല്‍കുന്നത്. കാലതാമസവും അനാവശ്യ ചെലവും ഒഴിവാക്കുന്നതിനാണ് ഈ തീരുമാനമെന്നും മന്ത്രി അറിയിച്ചു.
ഇതിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച ഉത്തരവ് മരാമത്ത് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉടന്‍ നല്‍കുന്നതാണ്. ആറു മാസത്തിനുള്ളില്‍ പാലത്തിന്റെ പണികള്‍ പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. മറ്റ് തടസ്സങ്ങള്‍ ഉണ്ടായില്ലെങ്കില്‍ ഈ സമയ പരിധിക്കുള്ളില്‍ പൂര്‍ത്തീകരിക്കാമെന്ന് ചീഫ് എഞ്ചിനീയര്‍ ഉള്‍പ്പെടെയുളളവര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. പാലത്തിന്റെ അപകടാവസ്ഥ പരിശോധിച്ച്‌ പരിഹാര നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ച ഐ.ഐ.ടിയില്‍ നിന്നും വിമരിച്ച ഡോ. പി.കെ.അരവിന്ദന്‍ നിര്‍മ്മാണ വേളയിലും ആവശ്യമായ സഹായ സഹകരണവും നിര്‍ദ്ദേശവും നല്‍കാമെന്നും സമ്മതിച്ചിട്ടുണ്ടെന്നും ജി സുധാകരന്‍ പറഞ്ഞു.

ഏനാത്ത് പാലം പുനരുദ്ധാരണ പ്രവൃത്തികളുടെ ഭാഗമായി ഗതാഗതം തിരിച്ചുവിട്ട റോഡുകളുടെ സ്ഥിതി വിലയിരുത്തുന്നതിനും ഗതാഗത നിയന്ത്രണം സംബന്ധിച്ചും ഈ മാസം 30ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. കൊടിക്കുന്നില്‍ സുരേഷ് എം.പി, എം.എല്‍.എമാരായ അഡ്വ. ആയിഷാപോറ്റി, കെ.ബി. ഗണേഷ് കുമാര്‍, ചിറ്റയം ഗോപകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.

Advertisements

ടി റോഡുകള്‍ അറ്റകുറ്റപ്പണികള്‍ ആവശ്യമെങ്കില്‍ പിഡബ്ള്യൂഡി ഫണ്ട് ഉപയോഗിച്ച്‌ ചെയ്യുന്നതാണെന്നും മന്ത്രി ജി സുധാകരന്‍ അറിയിച്ചു.   പാലത്തിന്റെ പുനര്‍നിര്‍മ്മാണ സമയത്ത് കാല്‍നട യാത്രക്കാര്‍ക്ക് താല്‍ക്കാലിക സൌകര്യമൊരുക്കുന്നതിനെക്കുറിച്ചും ആലോചിക്കും. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സര്‍ക്കാര്‍ ത്വരിതഗതിയില്‍ ഇതിന്റെ പരിഹാര മാര്‍ഗ്ഗങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ ഇതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച്‌ അറിവില്ലാത്ത ഒരു ചെറിയ വിഭാഗം എതിര്‍പ്പുമായി രംഗത്തു വന്നത് ഭൂഷണമായ കാര്യമല്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ ഐഷാപോറ്റി എംഎല്‍എ ഏനാത്ത് പാലത്തിന്റെ അപകടാവസ്ഥയെ സംബന്ധിച്ച്‌ പരാതി നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഐഷാപോറ്റി എംഎല്‍എ പാലം അപകടാവസ്ഥയിലാണെന്നറിഞ്ഞ് രാപ്പകല്‍ ഇല്ലാതെ സ്ഥലത്ത് ക്യാമ്പ്‌ ചെയ്ത് കാര്യങ്ങള്‍ നിയന്ത്രിച്ചത് ശ്ളാഘനീയ പ്രവൃത്തിയാണെന്ന് മന്ത്രി അഭിപ്രായപ്പെട്ടു.
മണല്‍വാരല്‍ ആണ് ഏനാത്ത് പാലത്തിന്റെ തകര്‍ച്ചയ്ക്ക് പ്രധാന കാരണമെങ്കിലും നിര്‍മ്മാണത്തില്‍ അപാകത ഉണ്ടായിരുന്നോ എന്നത് ഉള്‍പ്പെടെ കാര്യങ്ങളില്‍ വകുപ്പ് വിജിലന്‍സ് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിജിലന്‍സ് ഉള്‍പ്പെടെയുളള അന്വേഷണ കാര്യത്തില്‍ ആവശ്യമെങ്കില്‍ തീരുമാനമെടുക്കുന്നതാണെന്നും മന്ത്രി ജി. സുധാകരന്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *