KOYILANDY DIARY.COM

The Perfect News Portal

പാലക്കാട് 30 കോടിയുടെ ക്രിക്കറ്റ് സ്റ്റേഡിയം ഒരുങ്ങുന്നു

തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കേരള ക്രിക്കറ്റ് അസോസിയേഷന്റെ വൻ കായിക പദ്ധതി ഒരുങ്ങുന്നു. മലബാർ ദേവസ്വത്തിന്റെ കീഴിലുള്ള പാലക്കാട് ശ്രീ ചാത്തൻകുളങ്ങര ദേവി ക്ഷേത്രം ട്രസ്റ്റിന്റെ 21 ഏക്കർ സ്ഥലത്താണ് കേരള ക്രിക്കറ്റ് അസോസിയേഷന്റെ സ്‌പോർട്‌സ് ഹബ് സ്‌റ്റേഡിയം വരുന്നത്. 30 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന കായിക പദ്ധതിയിൽ രണ്ടു ക്രിക്കറ്റ് ഗ്രൗണ്ടുകൾ, ഫ്ലഡ് ലൈറ്റ്, ക്ലബ് ഹൗസ്, നീന്തൽ കുളം, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ മൈതാനങ്ങൾ, കൂടാതെ മറ്റു കായിക ഇനങ്ങൾക്കുള്ള സൗകര്യങ്ങൾ എന്നിവ ഉണ്ടാവും.

ലീസ് എഗ്രിമെന്റിന്റെ അടിസ്ഥാനത്തിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ 33 വർഷത്തേക്കാണ് ഭൂമി ഏറ്റെടുക്കുക. പദ്ധതിയിലൂടെ ക്ഷേത്രത്തിനു 21,35000 രൂപ വാർഷികം ലഭിക്കും. കൂടാതെ 10 ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായും കെസിഎ നൽകും. പദ്ധതിയുടെ ഭാഗമായി പ്രദേശികവാസികൾക്ക് ജോലിക്ക് മുൻഗണന നൽകാനും വ്യവസ്ഥ ഉണ്ട്. ഭഗവതി ക്ഷേത്രത്തിന്റെയും അസോസിയേഷന്റെയും പേരിലായിരിക്കും സ്‌പോർട്‌സ് ഹബ് നിർമ്മിക്കുക. ഈ വർഷം ഡിസംബറിൽ കരാർ ഒപ്പിടും. 2025 ജനുവരിയോടെ നിർമ്മാണ പ്രവർത്തനം ആരംഭിക്കും. ആദ്യഘട്ട നിർമ്മാണം 2026 ന് പൂർത്തിയാക്കാനാണ് തീരുമാനം. രണ്ടാം ഘട്ടം 2027 ഏപ്രിൽ മാസത്തോടെ പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

2018-ൽ തുടങ്ങിയ നടപടിക്രമങ്ങൾ കോവിഡ് മൂലം വൈകുകയായിരുന്നു. മദ്രാസ് ഹിന്ദു റിലീജിയസ് ആൻഡ് ചാരിറ്റബിൾ എൻഡോവ്‌മെന്റ് ആക്ട് 1951 പ്രകാരം തുടങ്ങിയ നടപടികൾ മലബാർ ദേവസ്വവും അമ്പലം ട്രസ്റ്റ്റ്റും സെപ്റ്റംബറിൽ തന്നെ പൂർത്തിയാക്കി. പുതിയ പദ്ധതി പാലക്കാട് ജില്ലയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നും സ്‌പോർട്‌സ് ഹബ് പൂർത്തിയാകുന്നതോടുകൂടി എല്ലാ കായിക ഇനങ്ങളും ഒരു കുടക്കിഴിൽ വരുന്നത് ജില്ലയിലെ കായിക മേഖലക്ക് വൻ കുതിപ്പ് ഉണ്ടാക്കുമെന്നും പാലക്കാട് ജില്ലാ ക്രിക്കറ്റ് അസ്സോസിയേഷൻ അഭിപ്രായപ്പെട്ടു.

Advertisements

 

Share news