ബഷീർ മ്യൂസിയം ഉദ്‌ഘാടനം ചെയ്‌തു

ചാത്തമംഗലം: വൈക്കം മുഹമ്മദ് ബഷീറിന്റെ സ്‌മരണയ്ക്കായി നിർമിച്ച ‘മതിലുകൾ’ ദയാപുരം മ്യൂസിയം ആൻഡ് റീഡിങ് റൂം സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്‌തു. ബഷീറിന് മ്യൂസിയമൊരുക്കുകയെന്നത് സാംസ്കാരിക കേരളത്തിന്റെ ഉത്തരവാദിത്വമാണെന്നും ദയാപുരം മ്യൂസിയം നിറവേറ്റുന്നത് ആ ദൗത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ദയാപുരം ട്രസ്റ്റ് ചെയർമാൻ കെ കുഞ്ഞലവി അധ്യക്ഷത വഹിച്ചു. ബഷീറിന്റെ കൈയെഴുത്തുപ്രതികൾ, പ്രമുഖ വ്യക്തികൾക്ക് അദ്ദേഹം എഴുതിയ കത്തുകൾ തുടങ്ങിയവ മ്യൂസിയത്തിന് കൈമാറുന്ന സമ്മതപത്രം ഡോ. എം എം ബഷീർ നൽകി. മ്യൂസിയത്തിന്റെ ആർക്കിടെക്ട് സീജോ സിറിയക്കിന് പാട്രൺ സി ടി അബ്ദുറഹിം ഉപഹാരം സമ്മാനിച്ചു.

ചാത്തമംഗലം പഞ്ചായത്ത് പ്രസിഡണ്ട് ഓളിക്കൽ ഗഫൂർ, മ്യൂസിയം ക്യുറേറ്റർ ഡൽഹി സെന്റ് സ്റ്റീഫൻസ് കോളേജ് പ്രൊഫ. ഡോ. എൻ പി ആഷ്‌ലി, ചിത്രകാരൻ കെ എൽ ലിയോൺ, ദയാപുരം റസിഡൻഷ്യൽ സ്കൂൾ പ്രിൻസിപ്പൽ പി ജ്യോതി, കോളേജ് പ്രിൻസിപ്പൽ നിമ്മി വി ജോൺ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രൈം മിനിസ്റ്റർ പി സി മുഹമ്മദ് സൈഫ് സ്വാഗതവും കോളേജ് യൂണിയൻ ചെയർപേഴ്സൺ ഫിദ ഖമർ നന്ദിയും പറഞ്ഞു.
