ചേമഞ്ചേരിയില്‍ ശ്മശാന നിര്‍മാണം അന്തിമഘട്ടത്തിലേക്ക്

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വപ്പാറ കടലോരത്ത് ആധുനിക രീതിയില്‍ ശ്മശാന നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. കാപ്പാട് – കൊയിലാണ്ടി തീരദേശ പാതയ്ക്ക് സമീപമാണ് നവീന രീതിയിലുള്ള ശ്മശാനം നിര്‍മിക്കുന്നത്. കെ. ദാസന്‍ എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 45 ലക്ഷം രൂപ ചെലവഴിച്ചാണ് ശ്മശാനം നിര്‍മിക്കുന്നത്.
വൈദ്യുതി കണക്ഷന്‍ ലഭിച്ചാല്‍ ശ്മശാനം തുറന്നു കൊടുക്കാന്‍ കഴിയുമെന്ന് ചേമഞ്ചേരി ഗ്രാമ പ്പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍ കോട്ട് പറഞ്ഞു. ശ്മശാനത്തിനു ചുറ്റും നല്ലൊരു ഉദ്യാനത്തിനും സാധ്യതയുണ്ട്. ശ്മശാനത്തിന്റെ നടത്തിപ്പ് ലേലം ചെയ്തു തീരുമാനിക്കുമെന്നാണ് വിവരം. ഇപ്പോള്‍ വിറക് കത്തിച്ച് ദഹിപ്പിക്കുന്ന സംവിധാനമാണ് ഏര്‍പ്പെടുത്തിയത്. വൈദ്യുതി,ഗ്യാസ് എന്നിവ ഉഫയോഗിച്ചും മൃതദേഹം ദഹിപ്പിക്കാനുള്ള സംവിധാനവും ക്രമേണ ഏര്‍പ്പെടുത്തും.

കൊയിലാണ്ടി തീരദേശമേഖലയില്‍ പൊതു ശ്മശാനം ഇല്ലാത്തത് കടലോരവാസികള്‍ക്ക് കടുത്ത ദുരിതമാണുണ്ടാക്കുന്നത്. ചേമഞ്ചേരിയില്‍ ശ്മശാനം യാഥാര്‍ഥ്യമായാല്‍ ഇതിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ തീരദേശത്ത് മരണം നടന്നാല്‍ മൃതദേഹം സംസ്‌കരിക്കാന്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ കാമ്പുറം ശ്മശാനത്തെയാണ് ആശ്രയിക്കുന്നത്. ആംബുലന്‍സില്‍ കയറ്റി മൃതദേഹം കാമ്പുറത്ത് കൊണ്ടുപോയി ദഹിപ്പിക്കാന്‍ വലിയ സാമ്പത്തിക ബാധ്യതയാണ് തീരദേശ വാസികള്‍ക്കുണ്ടാകുന്നത്. ഗുരുകുലം ബീച്ച് മുതല്‍ വലിയമങ്ങാട് വരെയുളള കടലോരവാസികളാണ് ഏറ്റവും കൂടുതല്‍ ഈ പ്രശ്‌നം അനുഭവിക്കുന്നത്.

