സ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ചു വീഴ്ത്തി. വീണ്ടും ശരീരത്തിലൂടെ കാർകയറ്റി ക്രൂരതകാട്ടി. യുവതി തൽക്ഷണം മരിച്ചു.
അമിത വേഗതയിലെത്തി സ്കൂട്ടർ യാത്രക്കാരിയെ കാർ ഇടിച്ചു വീഴ്ത്തി. ഓടിക്കൂടിയ നാട്ടുകാരിൽ നിന്ന് രക്ഷപ്പെടാൻ കാർ ഡ്രൈവർ യുവതിയുടെ ശരീരത്തിലൂടെ കാർകയറ്റി ക്രൂരതകാട്ടി. യുവതി തൽക്ഷണം മരിച്ചു. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോൾ (45) ആണ് മരിച്ചത്. കൊല്ലം മൈനാഗപ്പള്ളി ആനൂർക്കാവിലാണ് സംഭവം.

ഇടിച്ച് വീഴ്ത്തിയശേഷം റോഡിലേക്ക് തെറിച്ചു വീണ കുഞ്ഞുമോൾക്ക് സമീപം ആളുകൾ തടിച്ചു കൂടിയതോടെ കാർ ഡ്രൈവർ കരുനാഗപ്പള്ളി വെളുത്തമണൽ സ്വദേശിയായ അജ്മൽ പ്രദേശത്തു നിന്നും രക്ഷപ്പെടാനായാണ് അപകടത്തിൽ പരുക്കേറ്റ കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കിയത്. അപകടത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഫൗസിയയ്ക്കും പരുക്കേറ്റു. സംഭവത്തെ തുടർന്ന് കാറും കാറിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവർ അജ്മൽ സംഭവത്തിനു ശേഷം ഒളിവിലാണ്.

