സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻ്റെ മികച്ച ‘വയോ സേവന’ മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് കൊയിലാണ്ടിക്ക് ലഭിച്ചു
സംസ്ഥാന സാമൂഹ്യ നീതി വകുപ്പിൻ്റെ ഈ വർഷത്തെ വയോ സേവന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ മികച്ച വയോ സേവന മുനിസിപ്പാലിറ്റിക്കുള്ള പുരസ്ക്കാരം കൊയിലാണ്ടി മുനിസിപ്പാലിറ്റിക്ക് ലഭിച്ചു. ഒരു ലക്ഷം രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് അവാർഡ്. ഒക്ടോബർ ഒന്നിന് ‘വയോജന ദിനത്തിൽ’ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് സാമൂഹ്യ നീതി വകുപ്പ് മേധാവികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു അവാർഡ് വിവരം തൻ്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചു.

വയോജനമേഖലയിൽ ശ്ലാഘനീയമായി സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും,വിവിധ സർക്കാർ – സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള വയോസേവന അവാർഡുകളാണ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചത്. നഗരസഭയുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്ക്കാര വിജയത്തിലേക്കെത്തിച്ചതെന്ന് ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ, ക്ഷേമകാര്യ സ്റ്റാൻ്റിം കമ്മിറ്റി ചെയർമാൻ കെ. ഷിജു മാസ്റ്റർ എന്നിവർ പറഞ്ഞു.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്ക്കാരം തിരുവനന്തപുരം കോർപ്പറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്കാരം. വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസറഗോഡ്), കതിരൂർ (കണ്ണൂർ) എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.
സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
