KOYILANDY DIARY.COM

The Perfect News Portal

കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണിക്ക് സംസ്ഥാനത്ത് തുടക്കമായി.

ഓണത്തോടനുബന്ധിച്ച് സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണിക്ക് സംസ്ഥാനത്ത് തുടക്കമായി. പൊതുവിപണിയെക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ സബ്‌സിഡിയിലാണ് നിത്യോപയോഗ സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയിലൂടെ വിപണനം ചെയ്യുന്നത്. ഓണച്ചന്തകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കണ്‍സ്യൂമര്‍ഫെഡ് സഹകരണ വിപണി വഴി 13 ഇന അവശ്യ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് സഹകരണ വകുപ്പ്. കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തിലുള്ള 166 ത്രിവേണി സ്റ്റോറുകള്‍, 24 മൊബൈല്‍ ത്രിവേണി സ്റ്റോറുകള്‍, നീതി സ്റ്റോറുകള്‍ എന്നിവ വഴി ഉപഭോക്താക്കള്‍ക്ക് കുറഞ്ഞവിലയ്ക്ക് സാധനങ്ങള്‍ ലഭിക്കും. കണ്‍സ്യൂമര്‍ഫെഡ് ഓണം സഹകരണ വിപണിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് നിര്‍വഹിച്ചു. സര്‍ക്കാരിന്റെ ഫലപ്രദമായ വിപണി ഇടപെടലിലൂടെ സംസ്ഥാനത്ത് വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞെന്നും, രാജ്യത്ത് വിലകയറ്റം ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുടുംബശ്രീ ഉത്പ്പന്നങ്ങളും ജൈവ പച്ചക്കറികളും കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തയുടെ ഭാഗമാണ്. ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ്, ജില്ലാ മൊത്ത വ്യാപാര സഹകരണ സ്റ്റോര്‍, പ്രാഥമിക കാര്‍ഷിക വായ്പ സഹകരണ സംഘം, എസ് സി, എസ് ടി സംഘം, ഫിഷര്‍മാന്‍ സംഘം എന്നിവ മുഖേനയാണ് സഹകരണ ഓണച്ചന്തകളുടെ പ്രവര്‍ത്തനം.

Advertisements
Share news