KOYILANDY DIARY.COM

The Perfect News Portal

സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചു. മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിനെ തുടർന്നാണു രാജി. രാജിക്കത്ത് സർക്കാരിന് കൈമാറി. ഇന്ന് രാജി വയ്ക്കുമെന്ന് രഞ്ജിത്ത് അറിയിച്ചിരുന്നു. ഇ മെയിൽ വഴിയാണ് രാജിക്കത്ത് നൽകിയത്. ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാനെത്തിയപ്പോഴാണ്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയതെന്നും ഒരു രാത്രി മുഴുവൻ  ഹോട്ടലിൽ പേടിച്ച്‌ കഴിയേണ്ടി വന്നെന്നുമാണ് നടി പറഞ്ഞത്.

 ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘അകലെ’യിൽ താൻ അഭിനയിച്ചിരുന്നു. ഈ സിനിമ കണ്ടാണ്‌ ‘പാലേരി മാണിക്യ’ത്തിലേക്ക് വിളിച്ചത്.  അണിയറ പ്രവർത്തകർക്കായി നടത്തിയ പാർട്ടിക്കിടെ രഞ്ജിത്ത്‌ തന്നോട്‌ മുറിയിലേക്ക്‌ വരാൻ ആവശ്യപ്പെട്ടു.  സിനിമയെക്കുറിച്ച്‌ ചർച്ച ചെയ്യാനെന്ന്‌ കരുതി എത്തിയ തന്നോട്‌ രഞ്ജിത്ത്‌ മോശമായി പെരുമാറിയെന്നും നടി പറഞ്ഞു.

അതിക്രമം നേരിട്ടവർ പരാതിയുമായി മുന്നോട്ടുവരണം. കുറ്റക്കാരുടെ പേര് വെളിപ്പെടുത്തണം. ഹേമ കമ്മറ്റി പോലുള്ള കമ്മിറ്റികൾ മറ്റു ഭാഷകളിലും വേണമെന്നും നടി പറഞ്ഞു.

Advertisements
Share news