KOYILANDY DIARY.COM

The Perfect News Portal

തോപ്പിൽഭാസി സ്മൃതിയിൽ ‘ഉമ്മാച്ചു’ അരങ്ങിലെത്തുന്നു 

വടകര: തോപ്പിൽഭാസി സ്മൃതിയിൽ ‘ഉമ്മാച്ചു’ അരങ്ങിലെത്തുന്നു. കെപിഎസി പ്ലാറ്റിനം ജൂബിലി ആഘോഷവും തോപ്പിൽഭാസി ജന്മശതാബ്ദിയും പുതിയ നാടകമായ ‘ഉമ്മാച്ചു’വിന്റെ പ്രദർശനോദ്ഘാടനവും സെപ്തംബർ 10 ന് വടകരയിൽ നടക്കും. ടൗൺഹാളിൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, നാടക സംവാദങ്ങൾ, കെ പി എ സി നാടക ഗാനങ്ങളുടെ ആലാപനം, തോപ്പിൽ ഭാസി അനുസ്മരണം എന്നിവ നടക്കും.
വൈകീട്ട് ഏഴിന് ഉറൂബിന്റെ നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ‘ഉമ്മാച്ചു’ നാടകം അരങ്ങേറും. സുരേഷ് ബാബു ശ്രീസ്ഥ നാടകാവിഷ്കാരവും മനോജ് നാരായണൻ സംവിധാനവും നിർവഹിച്ച കെ പി എസിയുടെ അറുപത്തിയേഴാമത് നാടകമാണ് ഉമ്മാച്ചു. കെ പി എ സി പ്ലാറ്റിനം ജൂബിലിയുടെയും തോപ്പിൽ ഭാസി അനുസ്മരണത്തിന്റെയും ഭാഗമായാണ് പരിപാടി സംഘ ടിപ്പിക്കുന്നത്.
പരിപാടികളുടെ വിജയത്തിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം വടകരയിൽ നടന്നു. രാഷ്ട്രീയ- സാമൂഹിക- സാംസ്ക്കാരിക മേഖലയിലെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു. യോഗം കെപിഎസി സെക്രട്ടറി അഡ്വ. എ ഷാജഹാൻ ഉദ്ഘാടനം ചെയ്തു. വടകര നഗരസഭാ വൈസ് ചെയർമാൻ പി കെ സതീശൻ അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എംഎൽഎ, വി ടി മുരളി, അഡ്വ. പി വസന്തം, ടി വി ബാലൻ, കെ കെ ബാലൻ മാസ്റ്റർ, തയ്യുള്ളതിൽ രാജൻ, ഡോ. ശശികുമാർ പുറമേരി, പി പി രാജൻ, ഇ വി വത്സൻ, അഡ്വ. പി ഗവാസ്, സുരേഷ് ബാബു ശ്രീസ്ഥ, സോമൻ മുതുവന, ടി കെ വിജയരാഘവൻ, അനിൽ മാരാത്ത്, പി സുരേഷ് ബാബു, ആർ സത്യൻ തുടങ്ങിയവർ സംസാരിച്ചു. എൻ എം ബിജു സ്വാഗതവും ഇ രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. 
ഭാരവാഹികളായി, ഇ കെ വിജയൻ എം എൽഎ, അഡ്വ. പി വസന്തം, നഗരസഭാധ്യക്ഷ കെ പി ബിന്ദു, പാലേരി രമേശൻ, വി ടി മുരളി, കെ വീരാൻകുട്ടി, കെ കെ ബാലൻ, ടി കെ രാജൻ മാസ്റ്റർ, എം നാരായണൻ മാസ്റ്റർ (രക്ഷാധികാരികൾ), പി ഹരീന്ദ്രനാഥ് (ചെയർമാൻ), എൻ എം ബിജു (ജനറൽ കൺവീനർ), ആർ സത്യൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Share news