പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് കാനം രാജേന്ദ്രന്
തിരുവനന്തപുരം: പോലീസ് പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. പോലീസ് നടപ്പാക്കേണ്ടത് സര്‍ക്കാര്‍ നയമെന്നാണ് സങ്കല്പം. എന്നാല്‍ ഇപ്പോഴുള്ള പ്രവര്‍ത്തനം അങ്ങനെയല്ല. ഇക്കാര്യം ഉചിതമായ വേദിയില്‍ ഉന്നയിക്കുമെന്നും കാനം പ്രതികരിച്ചു. സംസ്ഥാന കൗണ്‍സിലിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ. മന്ത്രിമാര്‍ക്കെതിരെയുള്ള എ.കെ. ബാലന്റെ വിമര്‍ശനങ്ങള്‍ ഗൗരവമായി കാണുന്നില്ല എന്നും കേസില്‍ ശിക്ഷിച്ചാല്‍ മാത്രമേ എം.എം. മണി രാജിവെയ്ക്കേണ്ടതുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ ഡയറി പിന്‍വലിച്ചതില്‍ തെറ്റില്ല. ഡയറി അച്ചടിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ്. മുഖ്യമന്ത്രിയുടെ പേരിനുതാഴെ, അക്ഷരമാലാക്രമത്തിലാണ് മന്ത്രിമാരുടെ പേര് അച്ചടിക്കേണ്ടത്. ഇത് തെറ്റിച്ചതിനാലാണ് ഡയറികള്‍ മാറ്റേണ്ടിവന്നത്.

സി.പി.ഐ. മന്ത്രിമാരുടെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും ഒരു വര്‍ഷത്തിനു ശേഷമായിരിക്കും വിശകലനം ചെയ്യുകയെന്നും പത്രസമ്മേളനത്തില്‍ കാനം പ്രതികരിച്ചു.




