KOYILANDY DIARY.COM

The Perfect News Portal

വിമാനം മുന്നറിയിപ്പില്ലാതെ റദ്ദാക്കി; പ്രതിഷേധിച്ച് യാത്രക്കാർ

കരിപ്പൂർ: സ്പൈസ്‌ ജെറ്റ്‌ വിമാനത്തിന്റെ കരിപ്പൂർ–- ജിദ്ദ സർവീസ് മുന്നറിയിപ്പില്ലാതെ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു. ചൊവ്വാഴ്ച പുലർച്ചെ 4.50ന് ജിദ്ദയിലേക്ക് പറക്കേണ്ട വിമാനമാണ് റദ്ദാക്കിയത്. വിമാനം അനന്തമായി വൈകിയതോടെ യാത്രക്കാർ പ്രതിഷേധിച്ചു. 85 ഉംറ തീർത്ഥാടകരടക്കം 180 യാത്രക്കാരാണ് ഈ വിമാനത്തിൽ പോകേണ്ടിയിരുന്നത്. യാത്രക്കാർ പുലർച്ചെ ഒന്നോടെ വിമാനത്താവളത്തിൽ എത്തിയിരുന്നു.

ബോഡിങ്‌ പാസെടുത്ത്‌ പരിശോധനകളെല്ലാം പൂർത്തിയാക്കി അഞ്ചുമണിക്കൂറോളം ലോഞ്ചിൽ കാത്തിരുന്നിട്ടും വിമാനം പുറപ്പെട്ടില്ല. അക്ഷമരായ യാത്രക്കാർ വിമാനക്കമ്പനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. യഥാസമയം ഭക്ഷണംപോലും നൽകിയില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി.

 

ഒരാഴ്ചയോളമായി മണിക്കൂറുകൾ വൈകിയാണ് വിമാനം സർവീസ് നടത്തുന്നത്. സർവീസിലെ താളപ്പിഴ യാത്രക്കാരെ വലയ്‌ക്കുകയാണ്. വലിയ തുക നൽകി ടിക്കറ്റെടുത്തവരെ ദിനംപ്രതി ബുദ്ധിമുട്ടിക്കുകയാണ് വിമാനക്കമ്പനി. വിമാനം റദ്ദാക്കുന്നതോ, വൈകുന്നതോ നേരത്തെ അറിയിച്ചാൽ ഭക്ഷണംപോലുമില്ലാതെ മണിക്കൂറുകൾ വിമാനത്താവളത്തിൽ കുത്തിയിരിക്കേണ്ട ഗതികേടുണ്ടാകുമായിരുന്നില്ല എന്നാണ്‌ യാത്രക്കാർ പറയുന്നത്‌.

Advertisements

 

Share news