KOYILANDY DIARY.COM

The Perfect News Portal

കനത്ത മഴയിൽ വയൽപുര ഭാഗത്തും, അമ്പാടി റോഡിലും വെള്ളക്കെട്ട് രൂക്ഷമാകുന്നു

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ വയൽപ്പുര ഭാഗത്ത് വെളളക്കെട്ട് രൂക്ഷമായി തുടരുന്നു. കുറച്ച് ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ 33-ാം ഡിവിഷനിലെ വയൽപുര ഭാഗത്തും, അമ്പാടി റോഡിലുമാണ് വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. ജനങ്ങൾക്ക് വീടുകളിൽ നിന്നും പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണുള്ളത്. സമീപത്തെ കൊരയങ്ങാട് ക്ഷേത്ര മൈതാനവും വെള്ളത്തിലായി. റിയേഷ്, സുജിത്ത്, രമാ രാജൻ, സജിലേഷ്, എൻ.കെ. രവീന്ദ്രൻ തുടങ്ങിയവരുടെ വീടുകൾക്കു ചുറ്റും വെള്ളക്കെട്ട് രൂക്ഷമായിരിക്കയാണ്.

കഴിഞ്ഞ നിരവധി വർഷമായി കാലവർഷമായാൽ വയൽ പുരപ്രദേശത്തുകാർക്ക് ദുരിതകാലമാണ്. ഈ ഭാഗത്ത് മഴ വെള്ളം ഒഴുകിയിരുന്ന വഴികൾ അടഞ്ഞതും, വർഷ കാലത്തിനു മുമ്പ് ആവശ്യമായ ശുചീകരണ പ്രവൃത്തികൾ നടത്താത്തതും വെള്ളക്കെട്ട് രൂക്ഷമാക്കുന്നു. ഇതിനു പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ നഗരസഭയ്ക്കും, താലൂക്കിലും, മുഖ്യമന്ത്രിക്കും, എം. പിക്കും, എം എൽ.എക്കും പരാതികൾ നൽകിയിട്ടും യാതൊരു പരിഹാരവുമായില്ല. വീണ്ടും കലക്ടർക്ക് പരാതി കൊടുക്കാനിരിക്കുകയാണ് പ്രദേശവാസികൾ.

Share news