നീറ്റ് പരീക്ഷ ക്രമക്കേട്; കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും

നീറ്റ് പരീക്ഷ ക്രമക്കേടില്‍ കേന്ദ്രസര്‍ക്കാരും എന്‍ടിഎയും നാളെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. നീറ്റ് ചോദ്യപേപ്പറിന്റെ അച്ചടിയും വിതരണവും ലോക്കറില്‍ സൂക്ഷിച്ചതടക്കമുള്ള വിശദാംശങ്ങള്‍ അറിയിക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദേശം. അതേസമയം സി ടെറ്റ് പരീക്ഷ തട്ടിപ്പില്‍ ബീഹാറില്‍ 31 പേര്‍ അറസ്റ്റിലായി. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയതെന്ന് കണ്ടെത്തിയതിത്തുടര്‍ന്നാണ് അറസ്റ്റ്.

നീറ്റ് യുജി പരീക്ഷാ അട്ടിമറിയില്‍ കേന്ദ്രത്തിനും എല്‍ ടി എയ്ക്കുമെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് ദേശീയ പരീക്ഷാ ഏജന്‍സി നടത്തുന്ന സി ടെറ്റ് പരീക്ഷയിലും വ്യാപകതട്ടിപ്പുകള്‍ നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. ഈ മാസം ഏഴിന് ബീഹാറില്‍ നടന്ന സര്‍ക്കാര്‍ അധ്യാപക തസ്തികയിലേക്കുള്ള സി ടെറ്റ് പരീക്ഷയില്‍ തട്ടിപ്പു നടത്തിയതില്‍ 31 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പട്ന, ദര്‍ഭംഗ, സരണ്‍, ഗോപാല്‍ഗഞ്ച്, ഗയ, ബെഗുസരായ് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതിയിരുന്നതായാണ് വിവരം.

ബീഹാറിലെ 16 ജില്ലകളിലായാണ് പരീക്ഷ നടന്നത്. യഥാര്‍ത്ഥ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പകരം പരീക്ഷയെഴുതാന്‍ വിദ്യാർത്ഥികളിൽ നിന്ന് 25000 മുതല്‍ 50000 വരെ രൂപ വാങ്ങിയതായാണ് സൂചന. പരീക്ഷാ കേന്ദ്രങ്ങളിലെ ഉദ്യോഗാര്‍ത്ഥികളുടെ ബയോമെട്രിക് ഫിംഗര്‍പ്രിന്റ് സ്‌കാന്‍ വഴിയാണ് ആള്‍മാറാട്ടം നടന്നതായി കണ്ടെത്തിയത്. അറസ്റ്റിലായവരെ ചോദ്യം ചെയ്ത് വരികയാണ്. അറസ്റ്റിലായവര്‍ക്ക് ഏതെങ്കിലും അന്തര്‍സംസ്ഥാന തട്ടിപ്പ് സംഘവുമായി ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

അതേ സമയം മഹാരാഷ്ട്രയില്‍ നീറ്റ് തട്ടിപ്പില്‍ ഒരാളെ സിബിഐ അറസ്റ്റ് ചെയ്തു. നീറ്റ് യുജി ചോദ്യപേപ്പര്‍ കുംഭകോണത്തില്‍ ഗുണഭോക്താക്കളായ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയ്ക്ക് ഉത്തരവിടേണ്ടി വരുമെന്ന് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചിരുന്നു.

കുംഭകോണവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ദേശീയ പരീക്ഷാ ഏജന്‍സി ഹാജരാക്കണമെന്നും അന്വേഷണ പുരോഗതി വ്യക്തമാക്കുന്ന തല്‍സ്ഥിതി റിപ്പോര്‍ട്ട് സമർപ്പിക്കാനും കോടതി ഉത്തരവിട്ടു. എന്നാല്‍ നീറ്റില്‍ അന്വേഷണം പുരോഗമിക്കുമ്പോഴും വിവിധ പരീക്ഷകളിലെ തട്ടിപ്പുകള്‍ പുറത്തുവരുന്നതോടെ പരീക്ഷനടത്തിപ്പിലെ കേന്ദ്രസര്‍ക്കാരിന്റെ സുതാര്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്.
