അവയവ ദാനം; ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്ന രീതി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: അവയവ ദാതാവിന്റെയും സ്വീകർത്താവിന്റെയും വിവരം ജനപ്രതിനിധി സാക്ഷ്യപ്പെടുത്തുന്ന രീതി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് മന്ത്രി വീണാ ജോർജ്. അവയവ സ്വീകർത്താവിന് ഏകീകൃത തിരിച്ചറിയൽ രേഖ നൽകും. സംസ്ഥാനത്ത് 49 അംഗീകൃത അവയവമാറ്റ ശസ്ത്രക്രിയാകേന്ദ്രമുണ്ട്. ഇവിടെ കെസോട്ടോ ഓഡിറ്റ് നടത്തും. ശസ്ത്രക്രിയ സംബന്ധിച്ച വിവരം ശേഖരിച്ചിട്ടുണ്ട്.

അവയവത്തിനായി കെസോട്ടോയിൽ രജിസ്റ്റർ ചെയ്ത് കാത്തിരുന്നശേഷം മരണത്തിനു കീഴടങ്ങുന്നവർക്ക് രജിസ്‌ട്രേഷൻ ഫീസ് തിരിച്ച് കൊടുക്കുന്നതും പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ അഞ്ചു വർഷത്തിൽ സംസ്ഥാനത്തെ മരണാനന്തര അവയവദാനത്തിൽ വലിയ കുറവുണ്ട്. അവയവദാനത്തിൽ പണമിടപാടോ ഇടനിലക്കാരോ ഉണ്ടെന്നു കണ്ടെത്തിയാൽ ആശുപത്രിയുടെ ലൈസൻസുതന്നെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു.

അവയവക്കടത്തിൽ
2 പരാതി
അവയവക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രണ്ടു പരാതിയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എറണാകുളത്തെ ആശുപത്രിക്ക് അവയവക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ചുള്ള മലപ്പുറം സ്വദേശിയുടെ പരാതിയും തിരുവനന്തപുരത്ത് അനധികൃത അവയവമാറ്റ ശസ്ത്രക്രിയ നടന്നെന്നുള്ള പരാതിയുമാണ് ലഭിച്ചത്.

ആദ്യകേസ് നെടുമ്പാശേരി പൊലീസിന്റെയും രണ്ടാമത്തെ കേസ് പൂജപ്പുര പൊലീസിന്റെയും അന്വേഷണപരിധിയിലാണ്. നെടുമ്പാശേരി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘത്തിനാണ് അന്വേഷണച്ചുമതല. കേസിൽ മൂന്നു പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്. മുഖ്യസൂത്രധാരനായ മധു ജയകുമാർ എന്നയാൾക്കെതിരെ ബ്ലൂകോർണർ നോട്ടീസ് പുറപ്പെടുവിക്കാൻ ഇന്റർപോൾ മുഖേന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

