അങ്കമാലിയിൽ വീടിന് തീപിടിച്ചു; ഒരു കുടുംബത്തിലെ 4 പേർക്ക് ദാരുണാന്ത്യം

അങ്കമാലി: അങ്കമാലി പറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. പറക്കുളം സ്വദേശി ബിനീഷ്, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജോസ്‌ന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ മുകൾ നിലയിലാണ് തീ പടർന്നത്. കുടുംബം ഉറങ്ങുകയായിരുന്നതിനാൽ തീപിടിച്ചത് അറിയാൻ കഴിഞ്ഞില്ലെന്നാണ് വിവരം. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്ക്യൂട്ട് ആകാനാണ് സാധ്യതയെന്നാണ് വിലയിരുത്തൽ.

വിവരമനുസരിച്ച് മുകൾ നിലയിൽ മാത്രമാണ് തീ പടർന്നിരിക്കുന്നത്. താഴത്തെ നിലയിൽ തീ പടർന്നോ, അവിടെ ആരെങ്കിലുമുണ്ടായിരുന്നോ എന്നതൊന്നും വ്യക്തമായിട്ടില്ല. നിലവിൽ തീ പൂർണമായും അണച്ചിട്ടുണ്ട്. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി മൂന്നാം ക്ലാസ്സിലും രണ്ടാമത്തെ കുട്ടി ഒന്നിലുമാണ് പഠിക്കുന്നത്. അതേസമയം, കുടുംബത്തിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നതായി അറിവില്ലെന്നാണ് വിവരം. എല്ലാ വശങ്ങളും പൊലീസ് കൃത്യമായി അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്.
